സ്വർണവില വീണ്ടും ‘എണ്ണവിലയിൽ’ തെന്നി ഇടിയുന്നു. ഔൺസിന് 4,526 ഡോളർ നിലവാരത്തിൽ നിന്ന് 4,480ലേക്ക് രാജ്യാന്തര വില വീണു. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിലും രാവിലെ വിലയിടിഞ്ഞു.
സംസ്ഥാനത്ത് സ്വർണവില ഗ്രാമിന് 75 രൂപ താഴ്ന്ന് 13,500 രൂപയായി. പവന് 600 രൂപ കുറഞ്ഞ് 1,08,000 രൂപ. ഹോർമുസ് കടലിടുക്കിൽ കടുംപിടിത്തം തുടരുന്ന ഇറാന്റെ നിലപാട്, ഇറാന്റെ എണ്ണ പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന ട്രംപിന്റെ വെളിപ്പെടുത്തൽ, ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ ഇസ്രയേലിൽ നടത്തുന്ന ആക്രമണം, റഷ്യയുടെ എണ്ണവിതരണ ശൃംഖലകളിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം തുടങ്ങിയ കാരണങ്ങൾ എണ്ണവിലയെ വീണ്ടും മേലോട്ട് നയിക്കുകയാണ്.
ബ്രെന്റ് ക്രൂഡ് വില വീണ്ടും ബാരലിന് 115 ഡോളർ ഭേദിച്ചു. യുഎസ് ക്രൂഡ് വില ബാരലിന് 100 ഡോളറും കടന്നു. എണ്ണവില കൂടുന്നത് ലോക രാജ്യങ്ങളിലെല്ലാം വിലക്കയറ്റം (പണപ്പെരുപ്പം) കുതിച്ചുകയറാനിടയാക്കും. ഇത് ഫലത്തിൽ പലിശഭാരവും വർധിക്കാൻ വഴിയൊരുക്കും. ഈ വിലയിരുത്തൽ മൂലം ഡോളർ ഇൻഡക്സ് മുന്നേറ്റം തുടങ്ങിയതും സ്വർണവിലയുടെ ഇടിവിന് കളമൊരുക്കി.
കേരളത്തിൽ ഇന്നു രാവിലെ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 60 രൂപ താഴ്ന്ന് 11,155 രൂപയായി. വെള്ളിക്ക് വില മാറിയില്ല; ഗ്രാമിന് 245 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഗ്രാമിന് 60 രൂപ കുറച്ച് 11,095 രൂപയാണ്. വെള്ളിക്ക് ഇവരും നിശ്ചയിച്ച വില 245 രൂപ.
