കോട്ടയം:
കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവും ജലവിഭവ വകുപ്പ് മന്ത്രിയുമായ മോൻസ് ജോസഫാണു തന്റെ പേർസണൽ സ്റ്റാഫിൽ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി ജനാധിപത്യ കേരള കോൺഗ്രസിന്റെ ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ഷിബു മണലയെ നിയമിച്ചിരിക്കുന്നത്. അഡ്വ. ഉമ്മൻ ആലുംമൂട്ടിൽ പ്രസിഡന്റ് ആയ ജനാധിപത്യ കേരള കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഓഫിസ് ചാർജ് ഉള്ള ജനറൽ സെക്രട്ടറിയാണ് നിലവിൽ ഷിബു. എൽ. ഡി. എഫിന്റെ കുട്ടനാട് നിയോജക മണ്ഡലം ഏകോപനസമിതി അംഗവും. ഷിബു ജോസഫ് എന്ന ഔദ്യോഗിക നാമത്തിലാണ് നിയമനം.
കേരള കോൺഗ്രസ് മത്സരിച്ച മൂന്ന് നിയമസഭ സീറ്റുകൾ പേയ്‌മെന്റ് സീറ്റുകളാണെന്ന ആക്ഷേപം പാർട്ടിക്ക് അകത്തും പുറത്തും നിലനിൽക്കുമ്പോഴാണ് അതിനു കാർമികത്വം വഹിച്ച മന്ത്രി മോൻസ് ജോസഫ് തന്നെ ഈ ഡീലും ഉറപ്പിച്ചിരിക്കുന്നത്. ഇത്തരം പദവികൾക്കായി പാർട്ടി പ്രവർത്തകർ ക്യു നിൽക്കുമ്പോഴാണ് ഇടതുമുന്നണിയിൽപെട്ടയാ ളെ നിയമിക്കാൻ ധൈര്യം കാട്ടുന്നതെന്നതാണ് കൗതുകകരവും അത്ഭുതപ്പെടുത്തുന്നതും. ഈ മാസം 24, 25 തീയതികളിൽ ചരൽ കുന്നിൽ നടന്ന പാർട്ടിയുടെ സംസ്ഥാന നേതൃ ക്യാമ്പിൽ ഇക്കാര്യങ്ങളിൽ കടുത്ത വിമർശനം ഉയരുകയും ചെയ്തിരുന്നു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി ആലപ്പുഴയിലെ ഇടതുമുന്നണിയുമായുള്ള കൂട്ടുകച്ചവടം അവസാനിപ്പിക്കണമെന്ന് ജി. സുധാകരൻ എം.എൽ.എ ആവശ്യപ്പെട്ടതിന്റെ തൊട്ടുപിന്നാലെയാണു ഈ നിയമനം എന്നത് ആരോപണത്തിന്റെ സാധുത വെളിവാക്കുന്നു.
