അലുമിനിയവും സ്റ്റീലും ആണെന്ന് തെറ്റിദ്ധരിപ്പിച്ചു വിറ്റത് മറ്റേതോ ലോഹപാത്രങ്ങൾ.കൊല്ലത്ത് വഴിയോരക്കച്ചവടം തടഞ്ഞു.

Spread the love

കൊല്ലം ∙ ഓണക്കാലത്തു വ്യാപാരികളുടെ ഉപജീവനമാർഗം മുട്ടിക്കുന്ന തരത്തിൽ വഴിയരികിൽ വ്യാപാരം നടത്താൻ എത്തിയ ഇതര സംസ്ഥാനക്കാരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞു. സംഭവമറിഞ്ഞ് എത്തിയ ഉദ്യോഗസ്ഥ സംഘം കച്ചവടം നിർത്തിവയ്പ്പിച്ചു താക്കീത് നൽകി പറഞ്ഞയച്ചു.

ദേശീയപാതയിൽ കൊല്ലം പള്ളിമുക്കിൽ ആയിരുന്നു സംഭവം. അലൂമിനിയത്തിലും സ്റ്റീലിലും നിർമിച്ച സാധനങ്ങൾ ആണെന്നു തെറ്റിദ്ധരിപ്പിച്ചു മറ്റേതോ ലോഹം കൊണ്ടു നിർമിച്ച പാത്രങ്ങളാണ് ഇവർ റോഡരികിൽ വിറ്റിരുന്നത്.

ഇതു ശ്രദ്ധയിൽപ്പെട്ട കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളിമുക്ക് യൂണിറ്റ് ഭാരവാഹികൾ സ്ഥലത്തെത്തി കച്ചവടം നിർത്തിവയ്ക്കാൻ ഇവരോട് ആവശ്യപ്പെടുകയും കോർപറേഷൻ ആരോഗ്യ വിഭാഗം അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു.

ആരോഗ്യ വിഭാഗം അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമാണു സ്ഥലത്തു നിന്നു പറഞ്ഞയച്ചത്. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഓണക്കച്ചവടം ലക്ഷ്യമിട്ട് ഇതര സംസ്ഥാനക്കാർ പാതയോരങ്ങൾ കയ്യടക്കിത്തുടങ്ങിയിട്ടുണ്ട്.

കേരള വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റും ജില്ലാ ട്രഷററുമായ അൻസാരി, വൈസ് പ്രസിഡന്റ് ഷാനവാസ്, സ്വലേ നിസാർ, അസീം ഫൈവ്എ , അബ്‌ദുൽ റഷീദ്, അറാഫത്ത് എന്നിവരാണ് തടഞ്ഞത്

You cannot copy content of this page