കൊല്‍ക്കത്ത: ദുർഗാപൂജ കാലത്ത് ബംഗാളികള്‍ മാംസാഹാരങ്ങള്‍ ഒഴിവാക്കണമെന്ന ബാഗേശ്വർ ധാം മേധാവി ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ ആഹ്വാനത്തിനെതിരെ പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷൻ ശമിക് ഭട്ടാചാര്യ.
ദുർഗാപൂജ പോലുള്ള സാംസ്കാരിക ആഘോഷത്തിനിടെ ബംഗാളികള്‍ എന്ത് കഴിക്കണമെന്ന് തീരുമാനിക്കാൻ ധീരേന്ദ്ര ശാസ്ത്രിക്ക് അവകാശമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ശാസ്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ബംഗാളില്‍ ശക്തമായ രാഷ്ട്രീയ- സാംസ്കാരിക വിവാദമാണ് ഉയർന്നിരിക്കുന്നത്.
ഞായറാഴ്ച ഹൗറയില്‍ നടത്തിയ ആത്മീയ പ്രഭാഷണത്തിനിടെയാണ് ധീരേന്ദ്ര ശാസ്ത്രി ദുർഗാപൂജയുമായി ബന്ധപ്പെട്ട ഭക്ഷണരീതികളെക്കുറിച്ച് പ്രതികരിച്ചത്. ദുർഗാപ്രതിമകള്‍ക്ക് സമീപം ഉത്സവകാലത്ത് മാംസം വില്‍ക്കുന്നത് ഒഴിവാക്കണമെന്നും ബംഗാളിലെ ഹിന്ദുക്കള്‍ നവരാത്രി ആചരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദുർഗാദേവിയുടെ വിഗ്രഹം വീട്ടിലോ, സമീപ പ്രദേശത്തോ സ്ഥാപിക്കാൻ കഴിയാത്ത സാഹചര്യത്തിലും ഭക്തിയോടെയും ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചും ദേവിയെ ആരാധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ദുർഗാപൂജ കാലത്ത് ബംഗാളില്‍ മാംസവും മദ്യവും വില്‍ക്കുന്ന കടകള്‍ അടച്ചിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുർഗാപൂജ സമയത്ത് അമിഷഭക്ഷണം കഴിക്കുന്നവരെ ‘അപവിത്രർ’ എന്ന തരത്തിലായിരുന്നു ശാസ്ത്രിയുടെ പരാമർശം.
