തലസ്ഥാന നഗരിയിൽ മാനവീയം വീഥിയിൽ പോലീസുകാരന് നേരെ ആക്രമണം. ഹെൽമറ്റ് കൊണ്ട് തലയ്ക്കടിയേറ്റ സിപിഒ ക്ക് ഗുരുതര പരിക്ക്. യുവാവ് കസ്റ്റഡിയിൽ.

Spread the love

തിരുവനന്തപുരം:
സദാസമയവും ആളുകൾ തിങ്ങിനിറഞ്ഞു സഞ്ചരിക്കുന്ന റോഡിൽ ഡ്യൂട്ടിക്കിടയിൽ പോലീസുകാരന് നേരെ ഉണ്ടായ ആക്രമണം വലിയ തോതിലുള്ള ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.ഓഗസ്റ്റ് 28-ന് അർധരാത്രിയോടെ മാനവീയം വീഥിയിൽ നടന്ന സംഭവത്തിൽ എസ്എപി ക്യാമ്പിലെ സിപിഒ ശ്രീജിത്തിനാണ് ഗുരുതരമായി പരിക്കേറ്റത്.

സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ പ്രകോപനമില്ലാതെ യുവാവ് ഹെൽമറ്റ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. ഈ അപ്രതീക്ഷിത മർദനത്തിൽ ശ്രീജിത്തിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും റോഡിൽ ബോധരഹിതനായി വീഴുകയും ചെയ്തു. ഉടൻ തന്നെ സഹപ്രവർത്തകരും മറ്റ് പോലീസുകാരും ചേർന്ന് അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് അതിവേഗം പിടികൂടി. ആര്യനാട് സ്വദേശി അഖിൽ കൃഷ്ണ ദേവാണ് ഈ കൃത്യത്തിന് പിന്നിൽ എന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. മാനവീയം വീഥിയിൽ രാത്രികാലങ്ങളിൽ സുരക്ഷ ശക്തമാക്കണമെന്നും ഇത്തരം സാമൂഹിക വിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായ ആവശ്യമാണ് ഉയരുന്നു.

You cannot copy content of this page