എന്നാല്‍ ഇൻസ്റ്റഗ്രാം എൻഗേജ്‌മെന്‍റ് വർധിക്കുന്നത് തെരഞ്ഞെടുപ്പ് പിന്തുണ വർധിച്ചു എന്നതിന് തുല്യമല്ല. ലൈക്ക്, കമന്‍റ്, ഷെയർ തുടങ്ങിയവ ഒരു നേതാവിനോടുള്ള രാഷ്ട്രീയ പിന്തുണയെയോ വോട്ട് ചെയ്യാനുള്ള തീരുമാനത്തെയോ നേരിട്ട് സൂചിപ്പിക്കുന്നില്ല.

Spread the love

ന്യൂഡല്‍ഹി: ജെൻ സി വിഭാഗത്തില്‍പ്പെട്ടവർ അണിനിരന്ന ഡല്‍ഹിയിലെ ‘സൻസദ് ചലോ’ പ്രതിഷേധത്തിന് പിന്നാലെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇൻസ്റ്റഗ്രാം ഇടപെടലില്‍ വൻ വർധന.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകളിലെ ശരാശരി എൻഗേജ്‌മെന്‍റ് കുത്തനെ ഉയർന്നതായി ഡാറ്റ ബീയിങ്സിന്‍റെ പഠനം വ്യക്തമാക്കുന്നു. മോദിയുടെ എൻഗേജ്‌മെന്‍റ് 289.9 ശതമാനവും രാഹുല്‍ ഗാന്ധിയുടേത് 180.7 ശതമാനവും വർധിച്ചു.

ജൂലൈ 20ന് മുൻപ് മോദിയുടെ ഒരു പോസ്റ്റിന് ശരാശരി 11.9 ലക്ഷം എൻഗേജ്‌മെന്‍റുകളായിരുന്നു ലഭിച്ചിരുന്നത്. പ്രതിഷേധത്തിന് ശേഷം ഇത് 46.3 ലക്ഷമായി ഉയർന്നു. അതായത് ശരാശരി എൻഗേജ്‌മെന്‍റ് ഏകദേശം 3.9 മടങ്ങായി വർധിച്ചു. രാഹുല്‍ ഗാന്ധിയുടെ ശരാശരി എൻഗേജ്‌മെന്‍റ് 1.52 ലക്ഷത്തില്‍ നിന്ന് 4.26 ലക്ഷമായി ഉയർന്നു. വിദ്യാർഥികളുമായുള്ള ഇടപെടലുകള്‍, റീല്‍സുകള്‍ എന്നിവയിലൂടെ യുവാക്കളുമായി നേരിട്ടുള്ള ആശയവിനിമയത്തിന് രാഹുല്‍ ഇൻസ്റ്റഗ്രാം കൂടുതല്‍ ഉപയോഗിക്കുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. വ്യക്തികളെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ഉള്ളടക്കത്തോടാണ് ഇൻസ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് കൂടുതല്‍ താല്‍പര്യമെന്ന സൂചനയാണ് ഈ കണക്കുകള്‍ നല്‍കുന്നത്.

ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും ഔദ്യോഗിക അക്കൗണ്ടുകളിലേതിനേക്കാള്‍ വളരെ കൂടുതലാണ് വ്യക്തിഗത നേതാക്കളുടെ അക്കൗണ്ടുകളിലെ വർധന. ബിജെപിയുടെ ശരാശരി എൻഗേജ്‌മെന്‍റ് 25,000ല്‍ നിന്ന് 34,000 ആയും കോണ്‍ഗ്രസിന്‍റേത് 50,000ല്‍ നിന്ന് 72,000ഉം ആയാണ് ഉയർന്നത്.

ജൂലൈ 20ന് ന്യൂഡല്‍ഹിയില്‍ സിജെപിയുടെ നേതൃത്വത്തില്‍ നടന്ന ‘സൻസദ് ചലോ’ മാർച്ചും തുടർന്നുണ്ടായ സംഘർഷങ്ങളും പൊലീസ് നടപടികളുമാണ് പഠനത്തില്‍ പ്രധാന വഴിത്തിരിവായി പരിഗണിച്ചിരിക്കുന്നത്. പ്രതിഷേധത്തിന് പിന്നാലെ നാല് രാഷ്ട്രീയ അക്കൗണ്ടുകളിലും എൻഗേജ്‌മെന്‍റ് വർധിച്ചെങ്കിലും വ്യക്തിഗത നേതാക്കളുടെ അക്കൗണ്ടുകളിലാണ് കുതിപ്പ് കൂടുതലായത്.

ഇൻസ്റ്റഗ്രാം, പ്രത്യേകിച്ച്‌ യുവാക്കളിലും ജെൻ സിയിലും, രാഷ്ട്രീയ ശ്രദ്ധ നേടാനുള്ള പ്രധാന വേദിയായി മാറുകയാണെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. റീല്‍സുകള്‍, അനൗപചാരിക ഇടപെടലുകള്‍, വ്യക്തികേന്ദ്രീകൃത ഉള്ളടക്കങ്ങള്‍ എന്നിവയിലൂടെ രാഷ്ട്രീയ നേതാക്കള്‍ യുവാക്കളിലേക്ക് കൂടുതല്‍ നേരിട്ട് എത്താൻ ശ്രമിക്കുന്നതും ഇതിന്‍റെ ഭാഗമാണ്.

എന്നാല്‍ ഇൻസ്റ്റഗ്രാം എൻഗേജ്‌മെന്‍റ് വർധിക്കുന്നത് തെരഞ്ഞെടുപ്പ് പിന്തുണ വർധിച്ചു എന്നതിന് തുല്യമല്ല. ലൈക്ക്, കമന്‍റ്, ഷെയർ തുടങ്ങിയവ ഒരു നേതാവിനോടുള്ള രാഷ്ട്രീയ പിന്തുണയെയോ വോട്ട് ചെയ്യാനുള്ള തീരുമാനത്തെയോ നേരിട്ട് സൂചിപ്പിക്കുന്നില്ല.

You cannot copy content of this page