പുതിയ ബസുകള്‍ നിരന്തരം കട്ടപ്പുറത്ത്; ടാറ്റ ഷോറൂമിന് മുന്നില്‍ ശവപ്പെട്ടിയില്‍ കിടന്ന് ബസ് ഉടമയുടെ പ്രതിഷേധം

Spread the love

ആലുവ: വാങ്ങി രണ്ടുവര്‍ഷത്തിനുള്ളില്‍ പുതിയ ബസുകള്‍ നിരന്തരം തകരാറിലായതിനെ തുടര്‍ന്ന് ഓണദിനത്തില്‍ ടാറ്റ ഷോറൂമിന് മുന്നില്‍ ശവപ്പെട്ടിയില്‍ കിടന്ന് ബസ് ഉടമയുടെ അപൂര്‍വ്വ പ്രതിഷേധം.

ആലുവ ചുണങ്ങംവേലി സ്വദേശി ജോമി ദേവസിയാണ് ആലങ്ങാട് മാളികംപീടികയിലെ ‘ടാറ്റ പോപ്പുലര്‍ മെഗാ മോട്ടോഴ്‌സ്’ ഷോറൂമിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തുന്നത്.

രണ്ടുവര്‍ഷം മുമ്പാണ് ജോമി കമ്പനിയില്‍ നിന്ന് രണ്ട് BS6 916 മോഡല്‍ ബസുകള്‍ വാങ്ങിയത്. എന്നാല്‍ നിരത്തിലിറക്കിയത് മുതല്‍ ബസുകള്‍ക്ക് തുടര്‍ച്ചയായി വിവിധ തകരാറുകള്‍ ഉണ്ടായതായി ജോമി ആരോപിക്കുന്നു. ഏകദേശം 400 ദിവസത്തോളം വാഹനങ്ങള്‍ പണിമുടക്കി ഷോറൂമില്‍ തന്നെ കിടക്കേണ്ടി വന്നു. ബസുകളുടെ ടര്‍ബോ ചാര്‍ജര്‍, എഞ്ചിന്‍, ഗിയര്‍ബോക്‌സ് എന്നിവയ്ക്ക് നിരന്തരം പ്രശ്‌നങ്ങള്‍ സംഭവിക്കുന്നെന്നും ആഴ്ചയില്‍ പലതവണ ബസുകള്‍ ഷോറൂമില്‍ കയറ്റേണ്ടി വരുന്നെന്നും ജോമി പറയുന്നു.

ലിറ്ററിന് 6 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നതെങ്കിലും പ്രതീക്ഷിച്ച മൈലേജ് ലഭിക്കുന്നില്ല. തകരാറുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ കമ്പനിയെ സമീപിച്ചെങ്കിലും അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നും ജോമി വ്യക്തമാക്കുന്നു.

സര്‍വീസുകള്‍ മുടങ്ങി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്നും വാഹനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ടാറ്റ കമ്പനി കൃത്യമായ പരിഹാരം കാണുന്നതുവരെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നുമാണ് ജോമിയുടെ നിലപാട്.

You cannot copy content of this page