Breaking News

രാജസ്ഥാൻ സഞ്ജുവിനെ നിലനിർത്തുമോ? നായകനായി പരാഗും ജയ്സ്വാളും പരിഗണനയിൽ, റിപ്പോർട്ട്

Spread the love

ജയ്പുര്‍: ഐപിഎല്‍ മിനി ലേലത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ലേലം നടക്കുന്നത് സംബന്ധിച്ച് ബിസിസിഐ ഔദ്യോഗികമായ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ലെങ്കിലും ഡിസംബര്‍ പകുതിയോടെ ലേലം നടക്കാനാണ് സാധ്യത. സീസണിന് മുന്നോടിയായി ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയും അടുത്തുതന്നെ പ്രഖ്യാപിച്ചേക്കും. രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജു സാംസൺ ടീം വിടാനൊരുങ്ങുന്നുവെന്ന വാർത്തയാണ് ക്രിക്കറ്റ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. അതിനിടെ രാജസ്ഥാന്‍ റോയല്‍സ് മുഖ്യ പരിശീലകസ്ഥാനത്തുനിന്ന് രാഹുല്‍ ദ്രാവിഡ് പടിയിറങ്ങുകയും ചെയ്തു.

ഇപ്പോഴിതാ സഞ്ജു സാംസണിനെ സംബന്ധിച്ചുള്ള മറ്റൊരു റിപ്പോർട്ടാണ് പുറത്തുവരുന്നത്. താരക്കൈമാറ്റം വഴി സഞ്ജുവിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെത്തിക്കില്ലെന്നാണ് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന അഭ്യൂഹങ്ങള്‍ ഫ്രാഞ്ചൈസി നിഷേധിച്ചിട്ടുണ്ട്. സഞ്ജുവിന്റെ ഭാവി സംബന്ധിച്ച് രാജസ്ഥാന്‍ ഉടമ മനോജ് ബാദലെയാണ് തീരുമാനമെടുക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് വര്‍ഷം കൂടി കരാറുള്ളതിനാല്‍ രാജസ്ഥാന് താരത്തെ നിലനിര്‍ത്താനാകും. ടീം വിടാന്‍ സഞ്ജു സന്നദ്ധത പ്രകടിപ്പിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആ പശ്ചാത്തലത്തില്‍ താരത്തെ നിലനിര്‍ത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

മാത്രമല്ല, ടീമില്‍ നിലനിര്‍ത്തിയാല്‍ തന്നെ നായകനായി തുടരാനുള്ള സാധ്യതയും കുറവാണ്. റിയാൻ പരാഗിനെ നായകനായി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ സീസണില്‍ സഞ്ജു പരിക്കേറ്റ് പുറത്തായ ഘട്ടത്തിൽ റിയാൻ പരാഗാണ് ടീമിനെ നയിച്ചത്. കൈക്ക് പരിക്കേറ്റ സഞ്ജു ഒമ്പത് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്. പലതിലും ഇംപാക്ട് പ്ലെയറായാണ് താരത്തെ ഉള്‍പ്പെടുത്തിയിരുന്നത്. ഓപ്പണർ യശസ്വി ജയ്സ്വാളിനെയും നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നതായും വിവരമുണ്ട്.

കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത രാജസ്ഥാന്റെ മോശം പ്രകടനത്തിനു പിന്നാലെയാണ് സഞ്ജുവും ടീം മാനേജ്‌മെന്റും തമ്മിലുള്ള ഭിന്നത രൂക്ഷമായത്. സീസണില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം യുവതാരം വൈഭവ് സൂര്യവംശിയെയാണ് രാജസ്ഥാന്‍ ഓപ്പണിങ്ങിലേക്ക് പരിഗണിച്ചത്. ഇത് വിജയകരമാകുകയും ചെയ്തു. ഇതോടെ സഞ്ജുവിന് ഇഷ്ട ബാറ്റിങ് സ്ഥാനം നഷ്ടപ്പെട്ടു. ഇതും ഭിന്നത രൂക്ഷമാക്കിയെന്നാണ് വിവരം.

2013 ല്‍ രാജസ്ഥാനിലെത്തിയ സഞ്ജു ടീമിന് വിലക്ക് നേരിട്ട ഘട്ടത്തില്‍ ഡല്‍ഹിക്കായി കളിച്ചിരുന്നു. 2018-ല്‍ രാജസ്ഥാനില്‍ തിരികെയെത്തി. 2021 ലാണ് ടീമിന്റെ നായകനായി മലയാളി താരമെത്തുന്നത്. അടുത്ത സീസണില്‍ ടീമിനെ ഐപിഎല്‍ ഫൈനലിലുമെത്തിച്ചു.

You cannot copy content of this page