‘കോണ്‍ഗ്രസും ലീഗും എനിക്ക് രക്ഷാകവചമായി, ചെലവിട്ടത് 85 ശതമാനവും കോണ്‍ഗ്രസ്’; പാണക്കാട്ടെത്തി തങ്ങളെ കണ്ട് നന്ദി പറഞ്ഞ് ജി സുധാകരൻ

Spread the love

അമ്പലപ്പുഴയിലെ ഐതിഹാസിക വിജയത്തിന് പിന്നാലെ നന്ദി അറിയിക്കാൻ ജി സുധാകരൻ പാണക്കാട്ടെത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരെ പൊന്നാട അണിയിച്ച്‌ ആദരിച്ച സുധാകരൻ, തെരഞ്ഞെടുപ്പ് കാലത്ത് തനിക്ക് ലഭിച്ച പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തി.

സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച വേളയില്‍ കോണ്‍ഗ്രസും ലീഗും നല്‍കിയ പിന്തുണ ഒരു രക്ഷാകവചം പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. തന്നെ വിജയിപ്പിക്കാൻ സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും നേരിട്ട് ഇടപെട്ടുവെന്നും പലതവണ ഫോണില്‍ വിളിച്ച്‌ കാര്യങ്ങള്‍ ഏകോപിപ്പിച്ചുവെന്നും സുധാകരൻ വെളിപ്പെടുത്തി.

യുഡിഎഫ് സംവിധാനം ഒറ്റക്കെട്ടായി പ്രവർത്തിച്ചതുകൊണ്ടാണ് അമ്പലപ്പുഴയില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കാൻ സാധിച്ചത്. ഇത്രയും കുറഞ്ഞ ചിലവില്‍ താൻ നേരിട്ട മറ്റൊരു തെരഞ്ഞെടുപ്പില്ലെന്നും പ്രചാരണത്തിന്റെ 85 ശതമാനം ചിലവും കോണ്‍ഗ്രസാണ് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. തനിക്കായി ഒരു പോസ്റ്റർ ഒട്ടിക്കാൻ പോലും ആരെയും ഏല്‍പ്പിക്കേണ്ടി വന്നില്ലെന്നും കോണ്‍ഗ്രസ്-ലീഗ് പ്രവർത്തകർ അത്രത്തോളം ആവേശത്തോടെയാണ് പ്രവർത്തിച്ചതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

മുസ്ലിം ജനവിഭാഗം എന്നും മതനിരപേക്ഷതയ്ക്കൊപ്പമാണെന്ന് അടിവരയിടുന്നതാണ് തന്റെ വിജയമെന്ന് സുധാകരൻ നിരീക്ഷിച്ചു. അമ്പലപ്പുഴയില്‍ തനിക്കെതിരെ ഒരു മുസ്ലിം നാമധാരി മത്സരിച്ചിട്ടും അവിടെ തനിക്ക് റെക്കോർഡ് ഭൂരിപക്ഷം ലഭിച്ചത് അവർ ഉയർത്തിപ്പിടിക്കുന്ന സെക്യുലർ മൂല്യങ്ങള്‍ കൊണ്ടാണ്. കേരളത്തിലുടനീളം മുസ്ലിം വിഭാഗം ഈ മതനിരപേക്ഷ നിലപാടാണ് സ്വീകരിക്കുന്നത്. കോണ്‍ഗ്രസിനുള്ളിലെ മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചർച്ചകളെക്കുറിച്ചുള്ള ചോദ്യത്തിന്, കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ മതേതര പാർട്ടിയാണെന്നും തീരുമാനങ്ങള്‍ എടുക്കാൻ ഒന്നോ രണ്ടോ ദിവസം വൈകുന്നത് വലിയ മഹാപാതകമായി കാണേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

You cannot copy content of this page