Breaking News

പെരുന്ന ലക്ഷ്യമിട്ട് ഗണേഷ്; സുകുമാരന്‍ നായര്‍ക്ക് ഇനി ‘കട്ടയ്ക്ക്’ എതിരാളി; തലപ്പത്തെത്താന്‍ എല്‍എല്‍ബി കടമ്പയെന്നും സൂചന

Spread the love

കൊട്ടാരക്കര: എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി നേരിട്ടുള്ള യുദ്ധം പ്രഖ്യാപിച്ച്‌ മുന്‍ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ പെരുന്നയുടെ പടവുകള്‍ ലക്ഷ്യമിടുന്നു. സുകുമാരന്‍ നായര്‍ക്കെതിരെ കൊട്ടാരക്കരയില്‍ കടുത്ത പരോക്ഷ വിമര്‍ശനങ്ങളുമായി ഗണേഷ് രംഗത്തെത്തിയതോടെ നായര്‍ സമുദായ സംഘടനയില്‍ പുതിയ അധികാരപ്പോരാട്ടത്തിന് വഴിതുറന്നു. എന്‍എസ്‌എസില്‍ ഏകാധിപത്യ പ്രവണതകള്‍ പാടില്ലെന്നും, ലോകചരിത്രം പരിശോധിച്ചാല്‍ ഏകാധിപതികള്‍ എവിടെയായാലും തകര്‍ന്നടിഞ്ഞിട്ടുള്ള കാഴ്ചയാണ് കാണാന്‍ കഴിയുന്നതെന്നും ഗണേഷ് ആഞ്ഞടിച്ചു.

ജി. സുകുമാരന്‍ നായര്‍ക്ക് കരുത്തുറ്റ ഒരു എതിരാളിയായി ഗണേഷ് കുമാര്‍ മാറിക്കഴിഞ്ഞു എന്ന സൂചനകളാണ് പുറത്തുവരുന്നത്. എന്‍എസ്‌എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് തന്നെ പുറത്താക്കിയ നടപടിയില്‍ നീതിയുണ്ടോ എന്ന് പരിശോധിക്കേണ്ടത് സമൂഹമാണെന്ന് ഗണേഷ് തുറന്നടിച്ചു. എന്നാല്‍, പെരുന്നയുടെ തലപ്പത്തേക്ക് വരാന്‍ ഗണേഷ് കരുക്കള്‍ നീക്കുമ്പോഴും എന്‍എസ്‌എസ് ബൈലോ പ്രകാരമുള്ള എല്‍എല്‍ബി (നിയമബിരുദം) യോഗ്യത വലിയൊരു കടമ്പയായി മുന്നിലുണ്ടെന്നാണ് സമുദായ വൃത്തങ്ങളില്‍ നിന്നുള്ള സൂചന.
മന്നത്തു പത്മനാഭന്റെ സമാധി മന്ദിരം അദ്ദേഹത്തെ ആദരിക്കുന്ന എല്ലാവര്‍ക്കുമായി തുറന്നു നല്‍കണമെന്ന വിപ്ലവാത്മകമായ ആവശ്യവും ഗണേഷ് കുമാര്‍ മുന്നോട്ടുവെച്ചു. എല്ലാ ക്ഷേത്രങ്ങളിലും എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണം എന്ന് പറയുന്നതുപോലെ, മന്നത്ത് ആചാര്യനെ ബഹുമാനിക്കുന്ന ഏവര്‍ക്കും സമാധി മന്ദിരത്തില്‍ വന്ദിക്കാനുള്ള അവസരം നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി. സമാധി മന്ദിരത്തിന്മേലുള്ള പെരുന്നയുടെ കുത്തകാവകാശത്തെ ചോദ്യം ചെയ്യുന്നതാണ് ഗണേഷിന്റെ ഈ നിലപാട്.

മുഖ്യമന്ത്രി വി.ഡി. സതീശന്‍ എന്‍എസ്‌എസിനെ അധിക്ഷേപിച്ചുവെന്ന പെരുന്നയുടെ ആരോപണങ്ങളെ കെ.ബി. ഗണേഷ് കുമാര്‍ പാടെ തള്ളി. സതീശന്‍ തന്റെ അടുത്ത സുഹൃത്താണെന്നും, അദ്ദേഹം ഒരിക്കലും സമുദായത്തെ അധിക്ഷേപിക്കുകയോ മോശമായി സംസാരിക്കുകയോ ചെയ്യുന്നത് താന്‍ കേട്ടിട്ടില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. സതീശനെതിരെയുള്ള പെരുന്നയുടെ യുദ്ധം വ്യക്തിപരമാണെന്ന ധ്വനിയാണ് ഗണേഷിന്റെ വാക്കുകളിലുള്ളത്.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അദ്ദേഹം എന്താണ് പ്ലാന്‍ ചെയ്തതെന്ന് തനിക്കറിയില്ല. അദ്ദേഹം ഒരു കേന്ദ്രമന്ത്രിയാണെന്ന പരിഗണന നല്‍കണം. എന്‍എസ്‌എസില്‍ ഇപ്പോള്‍ വേണ്ടത് ഏകാധിപത്യ പ്രവണതകളല്ലെന്നും, മറിച്ച്‌ കുറച്ചുകൂടി സ്‌നേഹവും മര്യാദയുമാണെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.

ആശുപത്രികളിലെ പൊതിച്ചോര്‍ വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ഗണേഷ് കുമാര്‍ തന്റെ നിലപാട് വ്യക്തമാക്കി. പാവപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസമാകുന്ന പൊതിച്ചോര്‍ വിതരണം ഏത് പാര്‍ട്ടി നടത്തിയാലും അത് തടയുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. പരോക്ഷമായി, പെരുന്നയുടെയും പ്രതിപക്ഷത്തിന്റെയും നിലപാടുകള്‍ക്ക് വിരുദ്ധമായി ഇടത് സംഘടനയായ ഡിവൈഎഫ്‌ഐക്ക് പിന്തുണ നല്‍കുകയാണ് ഗണേഷ് ചെയ്തത്.

സുകുമാരന്‍ നായരുടെ ഏകാധിപത്യത്തിനെതിരെ സമുദായത്തിനുള്ളില്‍ പുകയുന്ന അതൃപ്തി മുതലെടുക്കാനാണ് ഗണേഷിന്റെ നീക്കം. നിയമബിരുദത്തിന്റെ സാങ്കേതികത്വം പറഞ്ഞ് ഗണേഷിനെ തടയാന്‍ പെരുന്ന ശ്രമിക്കുമ്പോള്‍, ജനപിന്തുണയോടെ സമുദായത്തെ ഒപ്പം നിര്‍ത്താനാണ് ഗണേഷ് കുമാറിന്റെ പ്ലാന്‍. വരുംദിവസങ്ങളില്‍ പെരുന്നയും ഗണേഷും തമ്മിലുള്ള പോര് കൂടുതല്‍ ശക്തമാകുമെന്നുറപ്പാണ്.

You cannot copy content of this page