മുംബൈ: യാത്രക്കാർക്ക് ഭക്ഷണലഭ്യത ഉറപ്പുവരുത്താൻ ദീർഘദൂര ട്രെയിനുകളിലെ പാൻട്രികാറുകളിൽ ജ്വാലയില്ലാെത പാചകംചെയ്യാൻ റെയിൽവേ അനുമതി നൽകി. ഗ്യാസ് വിതരണത്തിലെ തടസ്സങ്ങൾ കാറ്ററിങ് സേവനങ്ങളെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണിത്. ജ്വാലയില്ലാത്ത പാചകസംവിധാനങ്ങളിലേക്ക് മാറാമെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി.) കരാറുകാരോട് നിർദേശിച്ചു.
പശ്ചിമേഷ്യൻ സംഘർഷം കാരണം എൽ.പി.ജി. വിതരണത്തിലുണ്ടായ തടസ്സങ്ങൾ ഐ.ആർ.സി.ടി.സി.യുടെ കാറ്ററിങ് പ്രവർത്തനങ്ങളെ ബാധിച്ചതിനെത്തുടർന്നാണ് നീക്കം. മുംബൈയിൽനിന്ന് ഹൗറ, ഡൽഹി, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് ഓടുന്ന ട്രെയിനുകളിൽ പാൻട്രികാറുകളിൽ തീയില്ലാതെ പാചകംചെയ്യാൻ ഐ.ആർ.സി.ടി.സി. അനുമതി നൽകിയിട്ടുണ്ടെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
ചായ, ലഘുഭക്ഷണം, എന്നിവയുൾപ്പെടെയുള്ള ഇനങ്ങൾ തയ്യാറാക്കുന്നതിന് പാൻട്രി കാറുകളിൽ ഇൻഡക്‌ഷൻ സ്റ്റൗ, മൈക്രോവേവ് ഓവൻ തുടങ്ങിയ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുമെന്ന് അധികൃതർ പറഞ്ഞു.
ഗ്യാസ് വിതരണത്തിലെ കുറവ് യാത്രക്കാർ മൊബൈൽ ആപ്പുകൾ ഉപയോഗിച്ച് ഓർഡർചെയ്യുന്ന ഇ-കാറ്ററിങ്ങിനെ ബാധിച്ചിട്ടുണ്ട്.
