ന്യൂഡൽഹി: ഇടുക്കി ജില്ലയിലെ വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമാണത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ ഇടപെടുന്നതിനെതിരേ കേരളം സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എസ്. ജയതിലകാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽചെയ്തത്.
അന്തർ സംസ്ഥാന നദീജല തർക്കങ്ങളിൽ ഇടപെടാൻ ദേശിയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്.
ഇടുക്കി വട്ടവട പഞ്ചായത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കലാണ് ചെക്ക് ഡാം നിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കേരളം സുപ്രീം കോടതിയിൽ ഫയൽചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.ജൽ ജീവൻ മിഷന്റെ ഭാഗമായായുള്ള ഈ പദ്ധതിയിലൂടെ 2850 കുടുംബങ്ങൾക്ക് ശുദ്ധ ജലം ലഭിക്കുമെന്നും കേരളം സുപ്രീം കോടതിയിൽ ഫയൽചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പദ്ധതിക്ക് പരിസ്ഥിതി അനുമതി ആവശ്യമില്ലെന്നാണ് കേരളം ചൂണ്ടിക്കാട്ടുന്നത്.
ചിലന്തിയാർ ചെക്ക് ഡാം നിർമാണം പൂർത്തിയാകുമ്പോൾ തമിഴ്നാട്ടിലെ അമരാവതി ഡാമലേയ്ക്കുള്ള നീരൊഴുക്ക് കുറയുമെന്ന മാധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തത്. തമിഴ്‌നാട്ടിലെ തിരുപ്പുർ, കരൂർ ജില്ലകളിലെ 55,000 ഏക്കർ ഭൂമിയിൽ ജലസേചനത്തിനായുള്ള വെള്ളം ലഭിക്കുന്നത് അമരാവതി അണക്കെട്ടിൽനിന്നാണ്. അതിനാൽ അമരാവതി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞാൽ പ്രതിസന്ധിയിലാകും എന്നാണ് തമിഴ്നാട് സർക്കാരിന്റെ വാദം.കാവേരി നദീജല തർക്ക ട്രിബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഈ പ്രശ്നം പരിഹരിക്കണമെന്നും ഇരു സംസ്ഥാനങ്ങളും ചർച്ച നടത്തണമെന്നും ഹരിത ട്രിബ്യൂണൽ നിർദേശിച്ചിരുന്നു. ചർച്ചകൾ നടന്നെങ്കിലും പ്രശനം പരിഹരിക്കപ്പെട്ടില്ല. സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ ആണ് ചീഫ് സെക്രട്ടറിയുടെ ഹർജി സുപ്രീം കോടതിയിൽ ഫയൽചെയ്തത്.
ഇരുസംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വിഷയം സുപ്രീം കോടതിയിലെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
