Breaking News

പിഎം ആവാസ് യോജന; സംസ്ഥാനത്ത് ധനസഹായം വിതരണത്തിൽ കാലതാമസം, ആയിരക്കണക്കിന് വീടുകളുടെ നിർമാണം മുടങ്ങി

Spread the love

കൊല്ലം: സംസ്ഥാനത്ത് പ്രധാനമന്ത്രി ആവാസ് യോജന(ഗ്രാമീൺ)യുടെ ഗുണഭോക്താക്കൾക്ക് വീടുനിർമാണത്തിനുള്ള ധനസഹായം വിതരണം ചെയ്യുന്നതിൽ ഗുരുതരമായ കാലതാമസം. ആയിരക്കണക്കിന് വീടുകളുടെ നിർമാണം മുടങ്ങിക്കിടക്കുകയാണ്. കേന്ദ്ര സർക്കാർ പുതുതായി നടപ്പാക്കിയ സിംഗിൾ നോഡൽ ഏജൻസി സ്പർശ് സോഫ്‌റ്റ്‌വേറിലെ സാങ്കേതികപ്രശ്നങ്ങളാണ് പ്രധാന കാരണം.
കഴിഞ്ഞ ഫെബ്രുവരി ആദ്യം കേന്ദ്ര-സംസ്ഥാന വിഹിതങ്ങൾ എത്തിയതാണ്. സാമ്പത്തികവർഷം അവസാനിക്കുന്നതിനാൽ 23 വരെ മാത്രമേ ട്രഷറിയിൽ ബില്ലുകൾ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. അതിനുമുൻപ് പരമാവധി ഫണ്ട് വിതരണം ചെയ്യണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ നിർദേശം നൽകി. ചെലവാകാതെ അവശേഷിക്കുന്ന തുക ലാപ്‌സ് ആയി പോകാനും അത് അടുത്ത സാമ്പത്തികവർഷത്തെ കേന്ദ്ര ഫണ്ട് അലോട്‌മെന്റിനെ ബാധിക്കാനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. ബ്ലോക്ക് പഞ്ചായത്ത്തല ഉദ്യോഗസ്ഥർ ഇതിന് പ്രധാനപരിഗണന നൽകണമെന്നാണ് നിർദേശം.

മുൻപ്‌ പദ്ധതിയുടെ ഫണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലെത്തി, നിർമാണത്തിന്റെ ഘട്ടങ്ങൾ അനുസരിച്ച് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തുക കൈമാറുന്ന രീതിയായിരുന്നു. എന്നാൽ ഇപ്പോൾ സ്പർശ് സംവിധാനത്തിലൂടെ ഒട്ടേറെ ഡിജിറ്റൽ അനുമതികൾ പൂർത്തിയാക്കിയതിനുശേഷമാണ് തുക അനുവദിക്കാൻ കഴിയുന്നത്. ഈ സങ്കീർണ നടപടിക്രമങ്ങൾ കാരണം സമയബദ്ധമായി പണം നൽകാൻ കഴിയുന്നില്ലെന്ന് ഫീൽഡ് തല ഉദ്യോഗസ്ഥർ പറയുന്നു.

കേരളത്തിൽ ആകെ 1,94,697 വീടുകൾ നിർമിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ കേന്ദ്രഫണ്ട് വൈകിയതിനാൽ പട്ടികയിൽ ഉൾപ്പെട്ട പല ഗുണഭോക്താക്കൾക്കും സംസ്ഥാനത്തിന്റെ ലൈഫ് പദ്ധതിയിൽ വീട് നൽകി. കേന്ദ്ര മാനദണ്ഡങ്ങൾ പാലിച്ച് 61901 പേരെയാണ് കേന്ദ്രപദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരിശോധന പൂർത്തിയാക്കി 44264 പേർക്ക് അനുമതി ലഭിച്ചെങ്കിലും ആകെ 1,642 വീടുകൾ മാത്രമാണ് പൂർത്തിയായത്.

കേരളത്തിൽ പി.എം.എ.വൈ. ലൈഫ് പദ്ധതിയുമായി സംയോജിപ്പിച്ച് നടപ്പാക്കുന്നതിനാൽ ആകെ നാലുലക്ഷം രൂപയാണ് നൽകുന്നത്. 43735 പേർക്കാണ് ഒന്നാം ഗഡു ധനസഹായമായ 48,000 രൂപ അനുവദിച്ചത്. ഇതിൽ 23772 ഗുണഭോക്താക്കൾക്ക് രണ്ടാം ഗഡുവും നൽകി.

മൂന്നാം ഗഡു 1360 പേർക്ക് മാത്രമാണ് നൽകിയത്. സ്പർശ് സംബന്ധിച്ച ഉദ്യോഗസ്ഥതലത്തിലുള്ള ആശയക്കുഴപ്പവും ഫീൽഡ് തല ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിലെ കാലതാമസവും തുക നൽകുന്നതിന് തടസ്സമായെന്ന് ആക്ഷേപമുണ്ട്.

You cannot copy content of this page