Breaking News

മുഖ്യമന്ത്രിയുടെ സമ്പാദ്യം 45 ലക്ഷം രൂപ, കൈവശമുള്ളത് 10,000 രൂപ; സത്യവാങ്മൂലത്തിലെ വിവരങ്ങൾ ഇങ്ങനെ…

Spread the love

പിണറായി: മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും 1.05 കോടി രൂപ സമ്പാദ്യം. മുഖ്യമന്ത്രിക്ക് 45,35,620 രൂപയും ഭാര്യ കമലയ്ക്ക് 60,58,442 രൂപയുമാണ് സമ്പാദ്യമായുള്ളത്. മുഖ്യമന്ത്രിയുടെ കൈവശം 10,000 രൂപയും ഭാര്യ കമലയുടെ കൈവശം 5000 രൂപയുമുണ്ട്. മുഖ്യമന്ത്രിക്ക് സെക്രട്ടേറിയറ്റ് സബ് ട്രഷറിയിൽ 37,11,039 രൂപ, തലശ്ശേരി എസ്.ബി.ഐ.യിൽ 5,13,847 രൂപ, പിണറായി സർവീസ് സഹകരണ ബാങ്കിൽ മൂന്ന് അക്കൗണ്ടുകളിൽ 1,90,134 രൂപ എന്നിങ്ങനെയാണ് നിക്ഷേപമുള്ളത്. നാമനിർദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങളുള്ളത്.

ഭാര്യ കമലയ്ക്ക് എസ്.ബി.ഐ. തലശ്ശേരി ശാഖയിൽ 1,59,963 രൂപ, എസ്.ബി.ഐ. തിരുവനന്തപുരം ശാഖയിൽ 53,346 രൂപ, മാടായി സർവീസ് സഹകരണ ബാങ്കിൽ രണ്ട് അക്കൗണ്ടിൽ 4,84,109 രൂപ, മൗവ്വഞ്ചേരി സർവീസ് സഹകരണ ബാങ്കിൽ മൂന്ന് അക്കൗണ്ടുകളിൽ 3,90,720 രൂപ, 11,27,795 രൂപ, 2,68,987 രൂപ, പിണറായി സഹകരണ ബാങ്കിൽ 245 രൂപ, കണ്ണൂർ ടി.എസ്‌.ബി.യിൽ 4,79,856 രൂപ, കണ്ണൂർ സബ് ട്രഷറിയിൽ 5,50,000 രൂപ, എസ്.ബി.ഐ. കാടാച്ചിറ ശാഖയിൽ രണ്ട് അക്കൗണ്ടുകളിൽ 11,51,496 രൂപ എന്നിങ്ങനെയാണ് നിക്ഷേപം.

മുഖ്യമന്ത്രിക്ക് മലയാളം കമ്യൂണിക്കേഷനിൽ 1000 രൂപ, സാഹിത്യപ്രവർത്തക സഹകരണസംഘത്തിൽ 500 രൂപ, പിണറായി ഇൻഡസ്ട്രിയൽ സഹകരണസംഘത്തിൽ 100 രൂപ, കണ്ണൂർ വിമാനത്താവളത്തിൽ ഒരുലക്ഷം രൂപ എന്നിവയുടെ ഒാഹരിയുണ്ട്. ഭാര്യ കമലയ്ക്ക് മലയാളം കമ്യൂണിക്കേഷനിൽ 20,000 രൂപ, കണ്ണൂർ വിമാനത്താവളത്തിന് രണ്ടുലക്ഷം രൂപ എന്നിവയുടെ ഓഹരിയും അഴിയൂർ പോസ്റ്റ് ഓഫീസിൽ 10,000 രൂപയുടെ റിക്കറിങ്‌ ഡിപ്പോസിറ്റും 10 പവനുമുണ്ട്. പിണറായി വിജയന് പിണറായിയിൽ 58 സെന്റും കേളാലൂരിൽ 20 സെന്റും ഭൂമിയുണ്ട്. കമലയ്ക്ക് ഒഞ്ചിയത്ത് 17.5 സെന്റ് ഭൂമിയുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പിന് ആസ്തി കാണിച്ചപ്പോൾ പിണറായിയുടെ കൈയിൽ 10,000 രൂപയും ഭാര്യയുടെ കൈയിൽ 2000 രൂപയുമായിരുന്നു. ബാങ്കിലുള്ള 2,78,603 രൂപയടക്കം പിണറായിക്ക് 54,41,081 രൂപയുടെ സ്വത്തുണ്ടായിരുന്നു. ഭാര്യക്ക് 10 പവൻ ആഭരണവും മൗവ്വഞ്ചേരി സഹകരണ ബാങ്കിൽ 7,95,000 രൂപയുടെ വായ്പയുമുണ്ടായിരുന്നു.

ധർമടം മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ചയാണ് നാമനിർദേശപത്രിക നൽകിയത്. ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തി രജിസ്‌ട്രേഷൻ ഓഫീസർ സച്ചിൻ കൃഷ്ണൻ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെതാണ് ആദ്യ പത്രിക. കെട്ടിവെക്കാനുള്ള തുക തിരുവനന്തപുരം ഗാന്ധിഭവനിലെ അമ്മമാരാണ് നൽകിയത്. കഴിഞ്ഞ രണ്ടുതവണയും ഇവരായിരുന്നു നൽകിയത്‌. ഇവർ നിർമിക്കുന്ന കരകൗശലവസ്തുക്കളും മറ്റും വിറ്റുകിട്ടുന്ന തുകയുടെ ഒരു പങ്കാണ് ഇതിനായി നൽകിയത്.

You cannot copy content of this page