ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കുറിപ്പ് പങ്കുവെച്ച സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂർ. മോദി ഗോയങ്ക പ്രഭാഷണത്തിൽ നിഷ്പക്ഷമായ പരാമർശമാണ് നടത്തിയതെന്ന് തരൂർ പറഞ്ഞു. കുറിപ്പ് പ്രധാനമന്ത്രിയെ നേരിട്ട് പ്രശംസിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ വികസനം, ഉയർന്നു വരുന്ന മാതൃക, വൈകാരിക രീതി, അടിമമാനസികാവസ്ഥ മറികടക്കൽ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി എന്താണ് പറഞ്ഞതെന്നാണറിയി ച്ചത്. ഇന്ത്യൻ ദേശീയതയ്ക്കായി ശബ്ദമുയർത്താൻ ഗോയങ്ക ഇംഗ്ലീഷ് ഉപയോഗിച്ചതെങ്ങനെയെന്ന് അദ്ദേഹം അംഗീകരിച്ചിരുന്നെങ്കിൽ എന്നുകൂടി വിമർശനാത്മകമായി ചൂണ്ടിക്കാട്ടി. മോദിയെ വ്യക്തിപരമായി പ്രശംസിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്നും തരൂർ പ്രതികരിച്ചു.
എസ്ഐആറിനെതിരേ പോരാടാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇന്ദിരാഭവനില്‍ വിളിച്ച യോഗത്തിൽനിന്ന് ക്ഷണമുണ്ടായിട്ടും ശശി തരൂര്‍ വിട്ടുനിന്നിരുന്നു. അതേസയം, കോണ്‍ഗ്രസ് യോഗം ഇന്ദിരാഭവനില്‍ തുടങ്ങുന്ന സമയംതന്നെ, രാംനാഥ് ഗോയങ്ക പ്രഭാഷണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാലു ഫോട്ടോകള്‍ ചേര്‍ത്ത് അദ്ദേഹത്തെ പ്രകീര്‍ത്തിക്കുന്ന പോസ്റ്റ് തരൂര്‍ എക്‌സില്‍ പങ്കുവെച്ചു. കടുത്ത ജലദോഷവും ചുമയും സഹിച്ച് മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ സദസ്സിലെത്തിയ തരൂര്‍, അതിലുള്ള സന്തോഷവും വെളിപ്പെടുത്തി.
കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിക്കുന്ന പ്രസംഗമായിരുന്നു മോദിയുടേത്. മെക്കാളെ പ്രഭു അടിച്ചേല്‍പ്പിച്ച കൊളോണിയല്‍ മാനസികാവസ്ഥ ഇന്ത്യക്കാരുടെ ആത്മവിശ്വാസം തകര്‍ത്തെന്ന് പറഞ്ഞ മോദി, 200 വര്‍ഷത്തെ ഈ അടിമ മനോഭാവം അടുത്ത 10 വര്‍ഷത്തിനുള്ളില്‍ മാറ്റിയെടുക്കുമെന്നും പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് സ്വാതന്ത്ര്യസമരകാലത്തോ പിന്നീട് സ്വതന്ത്രേന്ത്യയില്‍ ജവാഹര്‍ലാല്‍ നെഹ്റുമുതലുള്ള കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ കാലത്തോ ഈ അടിമ മനോഭാവം മാറ്റിയില്ലെന്ന വിമര്‍ശനം കൂടിയായിരുന്നു മോദിയുടെ പ്രസംഗം. ഇതാണ് തരൂര്‍ ട്വീറ്റ് ചെയ്തതും മോദിയെ വാനോളം പുകഴ്ത്തിയതും. ഇത് വാർത്തയായതോടെയാണ് തരൂർ സംഭവത്തിൽ വിശദീകരണം നടത്തിയത്.
