ജര്‍മന്‍ നര്‍ത്തകിമാരും ഗായികമാരുമായ ഇരട്ടസഹോദരിമാര്‍ 89-ാം വയസില്‍ സ്വയം മരണം തിരഞ്ഞെടുത്തു. കെസ്‌ലെര്‍ ട്വിന്‍സ് എന്നറിയപ്പെട്ടിരുന്ന ആലിസ് കെസ്‌ലെറും എല്ലെന്‍ കെസ്‌ലെറുമാണ് പരസഹായത്തോടെയുള്ള ആത്മഹത്യയിലൂടെ ഒന്നിച്ച് ഒരേസമയം ജീവനൊടുക്കിയത്. ജര്‍മനി ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള ‘അസിസ്റ്റഡ് ഡെത്ത്’ നിയമപരമാണ്. ഈ സാധ്യത ഉപയോഗിച്ചാണ് കെസ്‌ലെര്‍ ഇരട്ടകള്‍ മരണത്തെ പുല്‍കിയത്.
പരസഹായത്തോടെ മരണം തിരഞ്ഞെടുക്കുന്നതിനുള്ള പൗരന്മാരുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന ജര്‍മന്‍ സൊസൈറ്റി ഫോര്‍ ഹ്യുമേന്‍ ഡൈയിങ് (ഡിജിഎച്ച്എസ്) എന്ന സന്നദ്ധ സംഘടനയാണ് കെസ്‌ലെര്‍ സഹോദരിമാരുടെ മരണവാര്‍ത്ത അറിയിച്ചത്. ഒരുവര്‍ഷം മുമ്പാണ് ഇരുവരും തങ്ങളുടെ ആവശ്യവുമായി ഡിജിഎച്ച്എസ്സിനെ സമീപിച്ചത്. ഇത്തരത്തില്‍ മരണം തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അഭിഭാഷകരേയും വൈദ്യസഹായവും ഡിജിഎച്ച്എസ് ഏര്‍പ്പാടാക്കും. മരണം തിരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമല്ലെന്ന് ഡിജിഎച്ച്എസ് വക്താവ് പറഞ്ഞു.
ഒരു ഇറ്റാലിയന്‍ പത്രത്തിന് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ തങ്ങള്‍ക്ക് ഒന്നിച്ച് ഒരേ ദിവസം പോകണമെന്ന് കെസ്‌ലെര്‍ സഹോദരിമാര്‍ പറഞ്ഞിരുന്നു. ഒരാള്‍ ആദ്യം പോകുക എന്നത് സഹിക്കാവുന്നതിലും അപ്പുറമായിരിക്കുമെന്നും അന്ന് അവര്‍ പറഞ്ഞിരുന്നു. ജര്‍മന്‍ പത്രത്തിന് നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ തങ്ങളുടെ ചിതാഭസ്മം അമ്മ എല്‍സയുടേയും വളര്‍ത്തുനായ യെല്ലോയുടേയയും ചിതാഭസ്മത്തിനൊപ്പം ഒരേ പാത്രത്തില്‍ സൂക്ഷിക്കണമെന്ന ആഗ്രഹം എല്ലെന്‍ കെസ്‌ലെര്‍ പങ്കുവെച്ചിരുന്നു.ആരാണ് കെസ്‌ലെര്‍ ഇരട്ടകള്‍?
പോള്‍ കെസ്‌ലെറുടേയും എല്‍സാ കെസ്‌ലെറുടേയും മക്കളായി 1936 ഓഗസ്റ്റ് 20-നാണ് ആലിസ് കെസ്‌ലെറും എല്ലെന്‍ കെസ്‌ലെറും ജനിച്ചത്. ആറാം വയസ് മുതല്‍ ഇരുവരും ബാലെ പരിശീലിച്ചിരുന്നു. 1952-ല്‍ 16-ാം വയസില്‍ കെസ്‌ലെര്‍ കുടുംബം വിസിറ്റിങ് വിസയിലൂടെ കിഴക്കന്‍ ജര്‍മനിയില്‍ നിന്ന് പാലായനം ചെയ്ത് പടിഞ്ഞാറന്‍ ജര്‍മനിയിലെത്തി. അവിടെ തുടര്‍ച്ചയായ നൃത്തപരിപാടികളിലൂടെ ശ്രദ്ധേയരായ കെസ്‌ലെര്‍ ട്വിന്‍സ് പിന്നീട് ആലാപനത്തിലേക്കും കടക്കുകയും ജര്‍മനിയിലും ഇറ്റലിയിലും വലിയ പ്രശസ്തി നേടുകയും ചെയ്തു.
അസിസ്റ്റഡ് ഡെത്ത് അഥവാ പരസഹായത്തോടെയുള്ള മരണം
പ്രത്യേക സാഹചര്യങ്ങളില്‍ പൗരന്മാര്‍ക്ക് സ്വയം മരണം തിരഞ്ഞെടുക്കാമെന്ന പരമോന്നത കോടതിയുടെ 2020-ലെ ഉത്തരവിലൂടെയാണ് ജര്‍മനിയില്‍ അസിസ്റ്റഡ് ഡെത്ത് അവകാശമാകുന്നത്. മറ്റൊരാളുടെ പ്രേരണയോടെയല്ല തീരുമാനമെങ്കില്‍ മരണം വരിക്കാന്‍ സഹായം തേടി മൂന്നാംകക്ഷിയെ സമീപിക്കാന്‍ പൗരന്മാര്‍ക്ക് സാധിക്കും.
ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത മാറാരോഗമുള്ളവര്‍, വളരെയധികം കഷ്ടതകള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ക്കാണ് ഇതിന് അവകാശമുള്ളത്. മരുന്നിലൂടെയാണ് ഇവര്‍ മരണം സ്വീകരിക്കുക. ഡോക്ടറാണ് മരുന്ന് നല്‍കുകയെങ്കിലും അത് ശരീരത്തിലേക്ക് സ്വീകരിക്കേണ്ടത് സ്വയം മരണം തിരഞ്ഞെടുത്തയാള്‍ തന്നെയാണ്. കര്‍ശനമായ നടപടിക്രമങ്ങളിലൂടെയാണ് ഈ പ്രക്രിയകളെല്ലാം പൂര്‍ത്തിയാക്കുക.
