Breaking News

ഗൗരി കിഷനെ എന്തുകൊണ്ട് പിന്തുണച്ചില്ല?; വ്യക്തമാക്കി നടൻ ആദിത്യ മാധവൻ

Spread the love

ചെന്നൈ: വാർത്താ സമ്മേളനത്തിൽ നടി ഗൗരി കിഷനെ വ്ലോഗർ ശരീര അധിക്ഷേപം നടത്തിയപ്പോൾ മിണ്ടാതിരുന്നത് എന്തുകൊണ്ടെന്ന് വിശദീകരിച്ച് നടൻ ആദിത്യ മാധവൻ. മൗനം ബോഡി ഷെയ്മിങിനുള്ള പിന്തുണ അല്ലെന്ന് ആദിത്യ മാധവൻ പ്രതികരിച്ചു. അരങ്ങേറ്റ ചിത്രം ആയതിനാൽ പകച്ചുപോയി. എല്ലാവരും ബഹുമാനം അർഹിക്കുന്നുണ്ട്. ഉടൻ പ്രതികരിക്കേണ്ടതായിരുന്നു. ക്ഷമ ചോദിക്കുന്നുവെന്ന് ആദിത്യ മാധവൻ പറഞ്ഞു. നടി ചിൻമയിയുടെ പോസ്റ്റിലാണ് ആദിത്യ മാധവൻ പ്രതികരിച്ചത്.

ഗൗരി കിഷൻ പറഞ്ഞത്…
ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ് ഗൗരി കിഷൻ രൂക്ഷമായി പ്രതികരിച്ചത്. സിനിമയുടെ പ്രചാരണത്തിനായുള്ള വാർത്താസമ്മേളനത്തിനിടെയാണ് സംഭവം. ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഡ്ഢിത്തരമാണെന്ന് പറഞ്ഞ ഗൗരി ജി കിഷൻ നായികമാരെല്ലാം മെലിഞ്ഞിരിക്കണോയെന്നും ചോദിച്ചു. ചോദ്യത്തെ ന്യായീകരിച്ച് വ്ലോഗര്‍ സംസാരിച്ചെങ്കിലും അപ്പോഴും ഗൗരി കിഷൻ മോശം ചോദ്യമാണെന്ന മറുപടി ആവര്‍ത്തിച്ചു. എന്നാൽ, വാര്‍ത്താ സമ്മേളനത്തിൽ ഗൗരിക്കൊപ്പമുണ്ടായിരുന്ന സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ മാധവനും ഒന്നും പ്രതികരിക്കാതെ മൗനം പാലിച്ചു. ചോദ്യം ചോദിച്ച വ്ലോഗറെ സമാധാനിപ്പിക്കാനും പ്രശ്നമുണ്ടാക്കരുതെന്ന് പറയാനുമായിരുന്നു സംവിധായകൻ ശ്രമിച്ചത്.

സിനിമയിൽ ഇവരെ എടുത്ത് ഉയർത്തിയപ്പോൾ എന്തായിരുന്നു ഭാരമെന്ന് ചിരിയോടെ വ്ലോഗര്‍ നടനോട് ചോദിക്കുകയായിരുന്നു. ഈ ചോദ്യത്തോടാണ് ഗൗരി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. ഉയരം കുറഞ്ഞ ഇവരെ എന്തിനാണ് കാസ്റ്റ് ചെയ്തതെന്ന് സംവിധായകനോടും വ്ലോഗര്‍ ചോദിച്ചു. ‘അദേഴ്സ്’ എന്ന തമിഴ് സിനിമയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് സംഭവം. തന്‍റെ ഭാരവും സിനിമയും തമ്മിൽ എന്തു ബന്ധമാണെന്നും നടന്മാരോട് ഇത്തരം ചോദ്യം ചോദിക്കുമോയെന്നും നടി ചോദിച്ചു. ബഹുമാനം ഇല്ലാത്ത ചോദ്യത്തിന് മാപ്പ് പറയണമെന്നും നടി പറഞ്ഞു. എന്നാൽ, ചോദ്യത്തോട് രൂക്ഷമായി പ്രതികരിച്ച നടിയാണ് മാപ്പു പറയേണ്ടതെന്നായിരുന്നു ചോദ്യം ഉന്നയിച്ചയാളുടെ മറുപടി. ഗൗരിയോട് തട്ടിക്കയറുകയും ചെയ്തു. മാധ്യമപ്രവർത്തകൻ ആയി വർഷങ്ങളുടെ പരിചയം ഉണ്ടെന്നും ചോദ്യത്തിൽ തെറ്റില്ലെന്നുമായിരുന്നു യൂട്യൂബറുടെ മറുപടി.

You cannot copy content of this page