കൊല്ലം: ‘ബാധ ഒഴിപ്പിക്കാനായി’ അമ്മയ്ക്കൊപ്പമെത്തിയ പെണ്‍കുട്ടിയെ ജോത്സ്യൻ മുരാരി തന്ത്രിയെന്ന് വിളിക്കുന്ന രാജൻ ബാബു പീഡിപ്പിച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മുരാരി തന്ത്രി പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചുവെന്നും പൂജാമുറിയെന്ന പേരിൽ മുരാരി തന്ത്രി പെൺകുട്ടിയെ കൊണ്ടുപോയത് കിടപ്പുമുറിയിലേക്കായിരുന്നുവെന്നുമാണ് വിവരം. കിടപ്പുമുറിക്കുള്ളിൽ രക്തക്കറ കണ്ടെത്തി.
ഒരു മണിക്കൂറോളം തന്ത്രി പെൺകുട്ടിയെ റൂമിൽ അടച്ചിട്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. പൂജയ്ക്കെന്ന പേരിൽ മുറിയിലേക്ക് പെൺകുട്ടിയെ ഒറ്റയ്ക്ക് വിടാൻ അമ്മ വിസമ്മതിച്ചെങ്കിലും പ്രതിയുടെ അമ്മയും ഭാര്യയും ചേർന്ന് പെൺകുട്ടിയുടെ അമ്മയെ നിർബന്ധിക്കുകയായിരുന്നു. പീഡനം പുറത്തറിഞ്ഞതോടെ മുരാരി തന്ത്രി വീട്ടിൽനിന്ന് കടന്നുകളഞ്ഞെന്നും ബന്ധു പറഞ്ഞു.
‘കുട്ടിക്ക് ബാധയുടെ പ്രശ്നം ഉണ്ടെന്നും കുട്ടി മാത്രമായി ഒരു പൂജ ചെയ്യണമെന്നും തന്ത്രി പറഞ്ഞു. മകളെ തനിച്ചുവിടണമോ എന്ന് അമ്മ ചോദിച്ചപ്പോൾ തന്ത്രിയുടെ അമ്മയും ഭാര്യയും കുട്ടിയുടെ അമ്മയെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി. ഒരു മണിക്കൂറായിട്ടും പെൺകുട്ടി പുറത്തുവരാതിരുന്നപ്പോൾ കുട്ടിയുടെ അമ്മ തന്ത്രിയുടെ ഭാര്യയെയും അമ്മയെയും സമീപിച്ചു. പിന്നീടാണ് കുട്ടി പുറത്തേക്ക് ഓടിവന്ന് അമ്മയെ കെട്ടിപ്പിടിച്ച് കരയുന്നത്. അപ്പോൾ മുറിയിൽ നിന്ന് തന്ത്രി ഓടിവന്ന് കുട്ടിയെ തൊടരുത് എന്നും ദേഹത്ത് ബാധ കയറിയിരിക്കുകയാണ് എന്നും തൊട്ടാൽ നിങ്ങൾക്കും ബാധ കയറുമെന്നും അമ്മയോട് പറഞ്ഞു. അമ്മയെ പേടിപ്പിക്കാനാണ് ശ്രമിച്ചത്. നാട്ടുകാർ ഓടികൂടിയപ്പോൾ പ്രശ്നം വഷളാകുമെന്ന് കരുതി ഇയാൾ ജ്യോതിഷാലയത്തിന്റെ പിന്നിലൂടെ ഓടിപ്പോകുകയാണ് ചെയ്തത്.’; ബന്ധു പറയുന്നു.
ഇന്നലെയാണ് മുരാരി തന്ത്രി എന്ന രാജൻ ബാബുവിനെ ഭരണിക്കാവിലെ ഉദയ റോയൽ ടവർ ഹോട്ടലിൽ നിന്ന് പൊലീസ് പിടികൂടിയത്. ശാസ്താംകോട്ട, പുത്തൂർ പൊലീസ് സംഘം സംയുക്തമായാണ് ഇയാളെ പിടികൂടിയത്.
കൊല്ലം പുത്തൂരിലാണ് ഇയാളുടെ ജ്യോതിഷാലയം ഉള്ളത്. ബാധ ഒഴിപ്പിക്കാനെന്ന് പറഞ്ഞ് അമ്മയ്‌ക്കൊപ്പം എത്തിയ കുട്ടിക്കെയാണ് പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ച് പുറത്തേക്കോടി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പിന്‍വാതിലിലൂടെ ജോത്സ്യന്‍ കടന്നുകളഞ്ഞു. റീൽ വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ സജീവമാണ് മുരാരി തന്ത്രി.
