Breaking News

എസ്‌ഐആർ ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി, നിഷ്‌കളങ്കമായി കാണാനാകില്ല; മുഖ്യമന്ത്രി

Spread the love

തിരുവനന്തപുരം: കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം(എസ്‌ഐആർ) നടപ്പാക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. എസ്‌ഐആർ നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിഹാർ എസ്‌ഐആറിൻറെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെത്തന്നെ ഇതേ പ്രക്രിയ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനെ നിഷ്‌കളങ്കമായി കാണാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ തന്നെ അറിയിച്ചിട്ടും എസ്‌ഐആർ പ്രക്രിയ ഉടനടി നടപ്പാക്കിയേ തീരൂ എന്ന നിർബന്ധം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിൻറെ നിഴലിലാക്കുന്നതാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു.

‘വോട്ടിംഗിനെപ്പോലെ മറ്റൊന്നുമില്ല, ഞാൻ ഉറപ്പായും വോട്ട് ചെയ്യും’ എന്നതായിരുന്നു 2024ലെ വോട്ടർ ദിന സന്ദേശം. അതാണ് രാജ്യത്തെമ്പാടും പ്രചരിപ്പിച്ചത്. അത് പ്രചരിപ്പിച്ചവർ തന്നെയാണ് ബിഹാറിൽ 65 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കിയത്. ഭരണഘടനയുടെ അനുച്ഛേദം 326 പൗരന്മാർക്ക് ഉറപ്പുനൽകുന്ന സാർവത്രിക വോട്ടവകാശത്തിൻറെ പൂർണമായ ലംഘനമാണ് ബിഹാറിൽ നടന്നതും ഇനി രണ്ടാം ഘട്ടത്തിലേക്ക് വ്യാപിപ്പിക്കാൻ പോകുന്നതുമായ എസ്‌ഐആർ പ്രക്രിയ. പൗരൻറെ മൗലിക അവകാശമായ സമ്മതിദാനം രാഷ്ട്രീയ താൽപര്യത്തിന് അനുസരിച്ച് എടുത്തുമാറ്റാൻ പറ്റുന്നതല്ല. ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണ് എസ്‌ഐആർ പ്രക്രിയ വഴി ഉദ്ദേശിക്കുന്നത് എന്ന ആശങ്ക കൂടുതൽ ശക്തമാവുകയാണിവിടെ. തങ്ങൾക്ക് അനുയോജ്യമായ രീതിയിൽ വോട്ടർപട്ടിക പുതുക്കാനുള്ള നീക്കമാണ് എസ്‌ഐആറിലൂടെ കേന്ദ്ര ഭരണാധികാരികൾ നടത്തുന്നത് എന്ന വിമർശനം ഒരുതരത്തിലും നിഷേധിക്കപ്പെട്ടിട്ടില്ല എന്നതു കൂടി ഇവിടെ പ്രസക്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബിഹാർ എസ്‌ഐആറിൻറെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെത്തന്നെ ഇതേ പ്രക്രിയ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനെ നിഷ്‌കളങ്കമായി കാണാൻ കഴിയില്ല. ദീർഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമായ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന തിടുക്കത്തിൽ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്നു വ്യക്തമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻറെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളിൽ നിന്ന് കമ്മീഷൻ പിന്തിരിയണം. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ കളിപ്പാവയാകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പോലുള്ള സ്ഥാപനങ്ങളെ അനുവദിച്ചു കൂടായെന്നും മുഖ്യമന്ത്രി പറയുന്നു.

എസ്‌ഐആറിനെതിരെ നിയമസഭയിൽ യോജിച്ചു പ്രമേയം പാസാക്കിയ സംസ്ഥാനമാണ് കേരളം. രണ്ടാംഘട്ട എസ്‌ഐആർ പ്രക്രിയക്കെതിര ജനാധിപത്യം സംരക്ഷിക്കാൻ താല്പര്യപ്പെടുന്ന എല്ലാവരും യോജിച്ച് പ്രതികരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം ഉൾപ്പടെയുള്ള 12 സംസ്ഥാനങ്ങളിൽ രണ്ടാം ഘട്ടത്തിൽ തീവ്രവോട്ടർ പട്ടിക പരിഷ്‌കരണം നടപ്പാക്കുമെന്ന് ഇന്നലെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചത്. ബിഹാറിൽ എസ്‌ഐആർ നടപ്പാക്കിയതിൽ ക്രമക്കേടുകളും പരാതികളും ഉയരുന്ന സാഹചര്യത്തിലാണ് കമ്മീഷന്റ തിടുക്കപ്പെട്ടുള്ള നീക്കം.

You cannot copy content of this page