തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ നിന്നും കഞ്ചാവ് ചെടികളുമായി യുവാവ് അറസ്റ്റിൽ. പനവൂർ കരിക്കുഴിയിൽ താമസിക്കുന്ന മുഹമ്മദ് ഷെഹീനെ (23) ആണ് കഞ്ചാവ് ചെടികളുമായി പിടികൂടിയത്. പോളിത്തീൻ കവറിൽ നാട്ടുവളർത്തിയ അഞ്ച് കഞ്ചാവ് ചെടികൾ കണ്ടെത്തി.
രണ്ട് മാസമായി ഷെഹീൻ ഈ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അയൽവാസികളുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. രണ്ട് അടി ഉയരത്തിൽ വളർന്ന ചെടിയാണ് പിടികൂടിയത്. കുറച്ച് നാൾ മുമ്പ് ബൈക്കിൽ കഞ്ചാവുമായി പോകുന്നതിനിടെ ഷെഹീനെ പൊലീസ് പിടികൂടിയിരുന്നു.
രാത്രികാലങ്ങളിൽ നിരവധി യുവാക്കൾ ഈ വീട്ടിൽ വന്നു പോകുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ വിവരം തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഡാൻസാഫ് ടീമിനെ കൊണ്ട് രഹസ്യമായി അന്വേഷണം നടത്തിയപ്പോൾ ഈ വീട്ടിൽ ചെറുപ്പക്കാർ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി മനസ്സിലാക്കി. തുടർന്നാണ് നെടുമങ്ങാട് പൊലീസും ഡാൻസാഫ് ടീമും ചേർന്ന് ഈ വീട്ടിൽ പരിശോധന നടത്തിയത്.
തുടർന്ന് എക്സൈസ് സംഘമെത്തി കഞ്ചാവ് ചെടി ആണെന്ന് ഉറപ്പു വരുത്തിയ ശേഷം പൊലീസ് നടപടി പൂർത്തിയാക്കി ഷെഹീനെയും അറസ്റ്റ് ചെയ്തു. ചെടികൾ പിടിച്ചെടുത്തു.