തൃക്കരിപ്പൂർ: യൂട്യൂബ് വീഡിയോ അനുകരിച്ചപ്പോൾ കുട്ടിക്കളി കാര്യമായി. റെയിൽപ്പാളത്തിൽ കരിങ്കല്ല് നിരത്തിവെച്ചപ്പോൾ ഉലഞ്ഞത് നേത്രാവതി എക്സ്പ്രസ്. ബീരിച്ചേരി റെയിൽവേ ഗേറ്റിന് സമീപം റെയിൽപ്പാളത്തിൽ കരിങ്കല്ല് നിരത്തിവെച്ചത് അതിഥിത്തൊഴിലാളികളുടെ പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള രണ്ടുകുട്ടികൾ.
കണ്ണൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്.), ചന്തേര പോലീസ്, കാസർകോട് റെയിൽവേ പോലീസ് എന്നിവയുടെ നേതൃത്വത്തിലുള്ള സംയുക്ത സ്ക്വാഡിന്റെ അന്വേഷണത്തിലാണ് കല്ലുവെച്ചത് കുട്ടികളാണെന്ന് കണ്ടെത്തിയത്.
യൂട്യൂബ് തിരച്ചിലുകളിൽ ഇത്തരത്തിലുള്ള വീഡിയോകൾ കുട്ടികൾ കണ്ടതിനും തെളിവ് ലഭിച്ചു. വിവരങ്ങൾ ചോദിച്ചറിഞ്ഞ് കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കാൻ ചൊവ്വാഴ്ച കുട്ടികളെ കണ്ണൂർ ആർ.പി.എഫ്. ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കണ്ണൂർ ആർ.പി.എഫ്. ഇൻസ്പെക്ടർ ജെ.വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
കാസർകോട് റെയിൽവേ പോലീസും ചന്തേര പോലീസും പരിശോധന നടത്തി. തൃക്കരിപ്പൂർ-പയ്യന്നൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ബീരിച്ചേരി ഗേറ്റിന് 100 മീറ്റർ അകലെ പാളത്തിലാണ് കല്ലുകൾ നിരത്തിവെച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി 7.55-ന് തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346) കടന്നുപോകുമ്പോഴാണ് സംഭവം. എൻജിൻ ഉലയുന്ന ശബ്ദം കേട്ട ലോക്കോ പൈലറ്റ് റെയിൽവേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പയ്യന്നൂരിൽനിന്ന് എത്തിയ ജീവനക്കാരാണ് പാളത്തിൽ കല്ലുകൾ പൊടിഞ്ഞ നിലയിൽ കണ്ടെത്തിയത്.
