വിവാഹം കഴിഞ്ഞ് ഒന്നിച്ച് താമസിച്ചത് കേവലം മൂന്നു മാസം മാത്രം ! തുടർന്ന് 17 വർഷം തളർന്ന് കിടക്കയിൽ.
ഒടുവിൽ സിനിയെ തനിച്ചാക്കി സന്തോഷ് വിട പറഞ്ഞു! സങ്കടം കടിച്ചമർത്തി ഭർത്താവിന് യാത്രാമൊഴിയേകി സിനി.
അതിരമ്പുഴ സ്വദേശി സന്തോഷിനും ഭാര്യ സിനിക്കും വിധി ഒരുക്കി വച്ചത് ദുരിത പൂർണ്ണമായ ഒരു ജീവിതമായിരുന്നു.
തടിവെട്ട് തൊഴിലാളിയായിരുന്നു അതിരമ്പുഴ മാറാമ്പിൽ തടത്തിൽ സന്തോഷ് കുര്യൻ.
17 വർഷം മുമ്പ് ജോലിക്കിടെ മരം വീണ് നട്ടെല്ല് തകർന്ന് ശയ്യാവലംബിയായി. അതും വിവാഹം കഴിഞ്ഞ് മൂന്നാം മാസത്തിൽ.
മൂന്ന് മാസം സന്തോഷ് കോമയിലായിരുന്നു. പിന്നീട് കിടക്കയിൽ നിന്ന് എണീക്കാനാവാതെ തളർന്നു കിടപ്പായി.
ഭാര്യ സിനി ഭർത്താവിനെ കൈവിട്ടില്ല. കഴിഞ്ഞ 17 വർഷവും പരിഭവം പരാതിയും ഇല്ലാതെ അദ്ദേഹത്തെ ശുശ്രൂഷിച്ചു. ഭക്ഷണവും മരുന്നും കൊടുത്തു അരികിലിരുന്നു ആശ്വസിപ്പിച്ചു.
ഭാര്യയുടെ സ്നേഹവും കരുതലും ആണ് സന്തോഷിന് എന്നും കരുത്തായത്. ഒന്നും രണ്ടും വർഷങ്ങളല്ല നീണ്ട 17 വർഷങ്ങൾ ആ കരുതൽ അദ്ദേഹത്തിന് കിട്ടി.
സ്ലീവാപുരം ഇടത്തിനാൽ കുടുംബാംഗമാണ് സിനി. കുടുംബ ജീവിതത്തിന്റെ സന്തോഷങ്ങൾ എല്ലാം വേണ്ടെന്നുവച്ചാണ് അവർ സന്തോഷിനെ തന്റെ സ്നേഹ നിധിയായ ഭർത്താവായി കണ്ട് ശുശ്രൂഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തത് എന്നിടത്താണ് ആ സ്നേഹത്തിന്റെ ആഴം വ്യക്തമാകുന്നത്.
ആ സ്നേഹത്തിൽ സന്തോഷം ദുഃഖങ്ങൾ മറന്നു.
കഴിഞ്ഞദിവസം സന്തോഷ് വിട പറഞ്ഞു. അങ്ങനെ 17 വർഷത്തെ സ്നേഹ പരിചരണങ്ങൾക്ക് തിരശ്ശീല വീണു.
ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ കഴിഞ്ഞദിവസം സന്തോഷിനെ സന്ദർശിക്കാൻ എത്തിയിരുന്നു.
അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലാണ് സന്തോഷിന്റെ സംസ്കാരം നടന്നത്.
വലിയൊരു ജനാവലി പള്ളിയിലേക്കും വീട്ടിലേക്കുമായി ഒഴുകിയെത്തി സന്തോഷിന് യാത്രാമൊഴിയേകി.
സന്തോഷ് പോയതോടെ സിനി ഒറ്റയ്ക്കായല്ലോ എന്ന സങ്കടമായ യിരുന്നു എല്ലാവർക്കും.
തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും മാറ്റിവെച്ച്, ഭർത്താവിന്റെ ജീവിതം തന്റെ ജീവിതമാക്കി മാറ്റിയ ഒരു വലിയ മനസ്സിന് ഉടമയായ സിനിയെ എല്ലാവരും നിറകണ്ണുകളോടെ നോക്കി നിന്നു.
ഒരുമിച്ച് യാത്ര ചെയ്യാനും, മക്കൾ ഉണ്ടായി അതിനെ താലോലിക്കാനും അവരുടെ വളർച്ച കണ്ട് സന്തോഷിക്കാനും ഉള്ള ഭാഗ്യമൊന്നും സിനിക്ക് കിട്ടിയില്ലെല്ലോ! ഇനി അവൾ ഒറ്റയ്ക്കായല്ലോ! ആ സങ്കടം ആയിരുന്നു എല്ലാവർക്കും.
ചെറിയ വഴക്കിൽ പോലും ബന്ധങ്ങൾ പിരിയുന്ന ഈ കാലത്ത് സിനിയുടെ ജീവിതം ഒരു മാതൃകയാണ്.
സിനിക്ക് എല്ലാ വേദനകളും താങ്ങാനുള്ള കരുത്ത് ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
