Breaking News

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പുതിയ സിനിമാനയം വരുന്നു? നയരൂപീകരണത്തിന് കണ്‍സള്‍ട്ടന്‍സി ആലോചനയില്‍

Spread the love

മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ റിപ്പോര്‍ട്ടിലെ നടുക്കുന്ന വിഷയങ്ങള്‍ പരിഹരിക്കാന്‍ ആലോചനകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ സിനിമാനയ രൂപീകരണത്തിന് കണ്‍സള്‍ട്ടന്‍സി ആലോചനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിനിമ നിര്‍മ്മാണ വിതരണ പ്രദര്‍ശന മേഖലയിലെ പ്രശ്‌നങ്ങള്‍ വീണ്ടും പഠിക്കും. ഒരു കോടി രൂപ ഇതിനായി സാംസ്‌കാരിക വകുപ്പ് അനുവദിച്ചു.ചലച്ചിത്ര അക്കാദമിയുടെ ആവശ്യപ്രകാരമാണ് പണം അനുവദിച്ചത്. അതി ഗുരുതരമായ പരാമര്‍ശങ്ങള്‍ നിറഞ്ഞ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം സര്‍ക്കാരിന്റെ മേശപ്പുറത്തിരുന്നത് നീതീകരിക്കാവുന്നതല്ല. ഒരു നടപടിയും ഇതുവരെയും സ്വീകരിക്കാത്ത സര്‍ക്കാരും വിമര്‍ശന വിധേയരാകുന്നുണ്ട്. സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ക്രിയാത്മക ഇടപെടല്‍ വേണമെന്നതാണ് ആവശ്യം. അതുകൊണ്ടുതന്നെ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. ഏറെക്കാലമായി സര്‍ക്കാര്‍ തന്നെ പറയുന്ന സിനിമാനയം എന്ന് രൂപീകരിക്കുമെന്നതാണ് ഒന്നാമത്തെ ചോദ്യം. അടുത്തമാസം ഉണ്ടാകുമെന്ന് മന്ത്രി പറയുന്നു. റിപ്പോര്‍ട്ടില്‍ തന്നെ സിനിമ മേഖലയ്ക്ക് മാത്രമായി ഒരു ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. റിട്ടയേഡ് വനിതാ ഹൈക്കോടതി ജഡ്ജി ആയിരിക്കണം ട്രൈബ്യൂണല്‍ അധ്യക്ഷ എന്നും പറയുന്നു. അത് നടപ്പിലാക്കാന്‍ സര്‍ക്കാരിന്മേല്‍ സമ്മര്‍ദ്ദമേറും. സിനിമ കോണ്‍ക്ലേവ് നടത്തി വിശദമായ ചര്‍ച്ച സര്‍ക്കാരിന്റെ ആലോചനയിലുണ്ട്. അതിനു സര്‍ക്കാരും പ്രതിപക്ഷവും സിനിമ മേഖലയിലെ മുഴുവന്‍ സംഘടനകളും സഹകരിക്കണം.എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട കുറ്റകൃത്യങ്ങള്‍ സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്നുവെന്ന പരാമര്‍ശമുണ്ട്. ഞെട്ടിക്കുന്ന കണ്ടെത്തലുകളില്‍ പൊലീസ് ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തമായി കഴിഞ്ഞു. വിദൂരമാണ് കേസെടുക്കാനുള്ള സാധ്യത. ഐ.സി.സിക്ക് മുകളില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്മറ്റി വേണമെന്നതാണ് മറ്റൊരു ആവശ്യം. സിനിമയ്ക്ക് ഉള്ളിലെ പരാതികള്‍ പറയാന്‍ രൂപീകരിച്ചിരിക്കുന്ന കമ്മിറ്റികളിലും പുരുഷന്മാരുടെ നിയന്ത്രണമാണുള്ളത്. അതും സര്‍ക്കാര്‍ ഇടപെട്ട് തന്നെ അവസാനിപ്പിക്കണം. സ്‌ക്രീനില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കൂടുതല്‍ അവസരം നല്‍കാന്‍ ഇടപെടല്‍ ഉണ്ടാവണം. 30% സ്ത്രീ സംവരണം ഏര്‍പ്പെടുത്തണം. സിനിമയില്‍ അധികാര കേന്ദ്രങ്ങളായി സ്ത്രീകളെ അവതരിപ്പിക്കണമെന്ന ഹേമ കമ്മിറ്റി നിര്‍ദേശം നടപ്പിലാക്കുമോ എന്ന് കണ്ടറിയണം. ലിംഗ സമത്വത്തെക്കുറിച്ച് ബോധവല്‍ക്കരണം സര്‍ക്കാരിന്റെ ആലോചനയിലാണ്.

You cannot copy content of this page