കുടുംബത്തോടൊപ്പംനിന്ന എല്ലാവർക്കും നന്ദി, കർണാടക സർക്കാർ സാധ്യമായതെല്ലാം ചെയ്തു- അർജുന്റെ സഹോദരി

Spread the love

കോഴിക്കോട്: അർജുന് എന്ത് സംഭവിച്ചു എന്ന ഒരൊറ്റ ഉത്തരത്തിനായാണ് കുടുംബം കാത്തിരുന്നതെന്നും കർണാടക സർക്കാർ സാധ്യമായതെല്ലാം ചെയ്തുവെന്നും അർജുന്റെ സഹോദരി അഞ്ജു. മലയാളികളും കേരളത്തിലെ മാധ്യമങ്ങളും ഒപ്പമുണ്ടായിരുന്നു. എന്നാൽ യൂട്യൂബ് ചാനലുകൾ നടത്തിയ വ്യാജപ്രചരണം വേദനിപ്പിച്ചെന്നും കുടുംബത്തിനും ലോറി ഉടമ മനാഫിനും ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

‘ആദ്യം തന്നെ സഹായിച്ചത് എം.കെ.രാഘവൻ എംപിയാണ്. സംസ്ഥാന സർക്കാരും പ്രതിനിധികളെ അയച്ച് കുടുംബത്തോടൊപ്പം നിന്നു. കര്‍ണാടക എം.എല്‍.എ. സതീഷ് കൃഷ്ണ സെയില്‍ അടക്കം കൂടെ നിന്നതുകൊണ്ടാണ് ഡ്രഡ്ജർ പരിശോധന നടന്നത്. ഡ്രഡ്ജിങ് സാധ്യമാക്കാൻ കെ.സി.വേണുഗോപാലും എം.കെ.രാഘവനും നേരിട്ട് സമ്മർദ്ദം ചെലുത്തി. കുടുംബത്തിന് വേണ്ടി ജിതിനാണ് എല്ലാം ചെയ്തത്. മനാഫ് മറ്റൊരു രീതിയിലും കാര്യങ്ങൾ ചെയ്തു. അർജുന് വേണ്ടി പലരും പല രീതിയിലുള്ള മാർ​ഗങ്ങൾ സ്വീകരിച്ചു. എല്ലാവർക്കും ഉത്തരം കിട്ടി. ലോറി കണ്ടെത്തുമെന്നും അതിന് സമയമെടുക്കുമെന്നും കാർവാർ എസ്.പി കുടുംബത്തെ ബോധ്യപ്പെടുത്തിയിരുന്നു. തുടക്കത്തിൽ തെറ്റായ വിവരങ്ങളറിയിച്ച് ചിലർ കുടുംബത്തെ അടക്കം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. കർണാടക ഭരണകൂടം ഈശ്വർ മാൽപെയെ തഴഞ്ഞതല്ല’, അഞ്ജു കൂട്ടിച്ചേർത്തു.

ഡി.എൻ.എ നടപടിക്രമങ്ങൾ പുരോഗമിക്കുന്നുവെന്നും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാകുന്നത് വരെ കാത്തിരിക്കുമെന്നും പറഞ്ഞ അവർ, കുടുംബത്തോടൊപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.

You cannot copy content of this page