Breaking News

പിടിവിട്ട് കുതിച്ച് സ്വര്‍ണവില; പുതിയ റെക്കോര്‍ഡിലേക്ക്; പവന് 58000 കടന്നു

Spread the love

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി. പവന് ചരിത്രത്തില്‍ ആദ്യമായി ഇന്ന് 58000 രൂപയിലേറെ വിലയായിരിക്കുകയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58240 രൂപയായി. ഒരു ഗ്രാമിന് 7280 രൂപയാണ് ഇന്നത്തെ വിപണി വില. അന്താരാഷ്ട്ര തലത്തിലും സ്വര്‍ണവില അതിവേഗം കുതിക്കുകയാണ്. അതിന്റെ പ്രതിഫലനമെന്ന നിലയിലാണ് ഇന്ത്യന്‍ വിപണിയിലും സ്വര്‍ണം പിടിവിട്ട് കുതിക്കുന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് റെക്കോഡ് നിലവാരമായ 2,700 ഡോളറിന് മുകളിലാണ് വ്യാപാരം നടത്തുന്നത്. ഇതിന്റെ ചുവട് പിടിച്ചാണ് ഇന്ത്യന്‍ വിപണിയിലും വില കുതിച്ചത്. ഉത്സവ-വിവാഹ സീസണിലെ വിലക്കയറ്റം ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകും. ഈ ആഴ്ച മാത്രം ഒരു പവന് കൂടിയത് 1280 രൂപയാണ്. 10 ശതമാനം പണിക്കൂലിയും ജി.എസ്.ടിയും ചേര്‍ത്ത് 65,000 രൂപയിലേറെ ചെലവാകും.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നവംബറില്‍ പലിശ വീണ്ടും കുറയ്ക്കും എന്ന പ്രതീക്ഷയും യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്നതും പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുമൊക്കെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയരാനിടയാക്കിയിട്ടുണ്ട്.

You cannot copy content of this page