Breaking News

കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടി അംഗീകരിക്കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍

Spread the love

കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി അംഗീകരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. വൈസ് ചാന്‍സിലര്‍ക്ക് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ അധികാരമില്ലെന്നാണ് വാദം. രജിസ്ട്രാര്‍ ഇന്നും ഡ്യൂട്ടിക്കെത്തിയേക്കും. വിസിയുടെ നടപടിക്കെതിരെ എസ്എഫ്‌ഐ കടുത്ത പ്രതിഷേധം തുടരുകയാണ്. രജിസ്ട്രാറിനെതിരെ നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങളും വ്യക്തമാക്കി.

അസിസ്റ്റന്റ് രജിസ്ട്രാള്‍ വരെയുള്ളവര്‍ക്കെതിരെ മാത്രമേ വിസിക്ക് നടപടിയെടുക്കാന്‍ സാധിക്കൂ എന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടിയെ സര്‍ക്കാര്‍ എതിര്‍ക്കുന്നത്. വൈസ് ചാന്‍സിലറുടെ നടപടിയ്‌ക്കെതിരെ സിന്‍ഡിക്കേറ്റും, രജിസ്ട്രാറും കോടതിയെ സമീപിക്കാനിരിക്കുകയാണ്. വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മേല്‍ അവധി ആയതിനാല്‍ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വി സി ഡോക്ടര്‍ സിസ തോമസിനാണ് വൈസ് ചാന്‍സലറുടെ ചുമതല. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സുകളുടെ നടപടിക്കെതിരെ എസ്എഫ്‌ഐ ഇന്നും രാജ്ഭവന്‍ മാര്‍ച്ച് നടത്തും.

കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തിന് പിന്നാലെയാണ് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത്. രജിസ്ട്രാര്‍ ഗവര്‍ണറോട് അനാദരവ് കാട്ടിയതായും ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെട്ട് ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചതായും ബോധ്യപ്പെട്ടതായി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ആരോപിക്കുന്നു. യൂണിവേഴ്‌സിറ്റി നിയമ പ്രകാരമുള്ള വിസി യുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് അന്വേഷണ വിധേയമായിട്ടുള്ള സസ്‌പെന്‍ഷന്‍.

You cannot copy content of this page