Breaking News

‘രണ്ടുമാസത്തേക്കുള്ള ഇന്ധന ലഭ്യത ഉറപ്പ്, വെല്ലുവിളി നേരിടാൻ സജ്ജം’; ലോക്ഡൗൺ അഭ്യൂഹം തള്ളി കേന്ദ്രം

Spread the love

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രസർക്കാർ. ഒരുഘട്ടത്തിലും സർക്കാരിന്റെ പരിഗണനയിൽ വന്നിട്ടില്ലാത്ത കാര്യമാണതെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. ലോക്ഡൗൺ അഭ്യൂഹങ്ങൾ പൂർണമായും തെറ്റാണ്. വ്യാജപ്രചാരണങ്ങൾ നടത്തി പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും ഉത്തരവാദിത്വബോധത്തോടെ ഒന്നിച്ചുനിൽക്കണമെന്നും മന്ത്രി പറഞ്ഞു.

ഇന്ധന, ഊർജ, അവശ്യവസ്തുക്കളുടെ ലഭ്യത തടസ്സമില്ലാതെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ നടപടിയുമെടുക്കുന്നുണ്ട്. ആഗോളതലത്തിൽ അനിശ്ചിതാവസ്ഥകളുണ്ടായപ്പോഴെല്ലാം ഇന്ത്യ പ്രതിരോധിച്ചു നിന്നിട്ടുണ്ട്. സജീവവും സമയബന്ധിതവുമായി ഏകോപന പ്രവർത്തനങ്ങൾ തുടരുമെന്നും മന്ത്രി പുരി വ്യക്തമാക്കി.

ലോക്ഡൗണിനെക്കുറിച്ച് സർക്കാർ ആലോചിച്ചിട്ടേയില്ലെന്ന് ഡൽഹിയിൽ പശ്ചിമേഷ്യൻ സാഹചര്യം വിശദീകരിക്കാൻ വിളിച്ച വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത പത്രസമ്മേളനത്തിലും അധികൃതർ ആവർത്തിച്ചു. പെട്രോൾ, ഡീസൽ, പാചകവാതക ലഭ്യതയുറപ്പാക്കാൻ സർക്കാർ നടപടിയെടുത്തിട്ടുണ്ടെന്നും പരിഭ്രാന്തി വേണ്ടെന്നും പെട്രോളിയം മന്ത്രാലയ ജോയന്റ് സെക്രട്ടറി സുജാതാ ശർമ പറഞ്ഞു.

രണ്ടുമാസത്തേക്കുള്ള ഇന്ധനലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യത്തിന് ഇന്ധന, പാചകവാതക ശേഖരം ഇപ്പോഴുണ്ട്. അഭ്യൂഹങ്ങൾ വിശ്വസിച്ച് പരിഭ്രാന്തരായി കൂട്ടത്തോടെ വാങ്ങുമ്പോഴാണ് പ്രതിസന്ധിയുണ്ടാകുന്നത്. വ്യാജ പ്രചാരണങ്ങളെ ചെറുക്കാൻ സംസ്ഥാന സർക്കാരുകളും നടപടിയെടുക്കണം.

ആഭ്യന്തര എൽ.പി.ജി. ഉത്പാദനം 20 ശതമാനം വർധിച്ചു. മാർച്ച് 14 മുതൽ വ്യാഴാഴ്ച വരെ 30,000 ടൺ വാണിജ്യ എൽ.പി.ജി. വിതരണം ചെയ്തു. ദിവസവും പതിനായിരത്തിലേറെ പി.എൻ.ജി. ഉപയോക്താക്കളെ കഴിഞ്ഞദിവസം പുതുതായി ചേർത്തെന്നും അറിയിച്ചു.

You cannot copy content of this page