പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പാലക്കാട്ട് പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനാൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. റിഹേഴ്‌സലിന്റെ ഭാഗമായി ശനിയാഴ്ചരാവിലെ 10 മുതലും ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെമുതൽ പരിപാടി അവസാനിക്കുന്നതുവരെ പ്രധാന റോഡുകളിൽ വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. വാഹനങ്ങൾ വഴിതിരിച്ചുവിടും.
പ്രധാന നിർദേശങ്ങളിങ്ങനെ
• വടക്കഞ്ചേരി, ആലത്തൂർ, കുഴൽമന്ദം ഭാഗങ്ങളിൽനിന്ന് സ്വകാര്യ ബസുകൾ ദേശീയപാത, ചന്ദ്രനഗർവഴി സ്റ്റേഡിയം ബസ്സ്റ്റാൻഡിൽ പ്രവേശിക്കണം. മടക്കയാത്രയും ഇതേ വഴിയിലൂടെയായിരിക്കും.
• വടക്കഞ്ചേരി, ആലത്തൂർ, കുഴൽമന്ദം ഭാഗങ്ങളിൽനിന്നുവരുന്ന എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളും കണ്ണനൂർവഴി തിരിഞ്ഞ് തിരുനെല്ലായി, തങ്കം ജങ്ഷൻ, യാക്കര, തോട്ടിങ്ങൽവഴി കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിലേക്ക് പുറകിലൂടെ പ്രവേശിച്ച് തിരിച്ചും അതുവഴി പോകണം.
• കോയമ്പത്തൂർ, പൊള്ളാച്ചി ഭാഗങ്ങളിൽനിന്നുവരുന്ന കെ.എസ്.ആർ.ടി.സി. ബസുകളും തമിഴ്‌നാട് ബസുകളും കാഴ്ചപ്പറമ്പ്, പുഴയ്ക്കൽ, യാക്കര ഡി.പി.ഒ. വഴി കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിലേക്ക് പുറകിലൂടെ പ്രവേശിക്കയും അതുവഴിതന്നെ തിരിച്ചും പോകണം.
• കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഭാഗത്തുനിന്നുവരുന്ന കെ.എസ്.ആർ.ടി.സി. ബസുകൾ ഒലവക്കോട്ടുനിന്ന് ബൈപ്പാസ് വഴി കൽമണ്ഡപം, ചന്ദ്രനഗർവഴി ദേശീയപാതയിലൂടെ കാഴ്ചപ്പറമ്പിലെത്തി വലത്തോട്ടുതിരിഞ്ഞ് പുഴയ്ക്കൽ, യാക്കര, ഡി.പി.ഒ. വഴി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലേക്ക് പുറകിലൂടെ പ്രവേശിക്കണം. അതുവഴിതന്നെ തിരിച്ചുപോകണം.
• സ്വകാര്യ ബസുകൾ ഒലവക്കോട്ടുനിന്ന് ശേഖരിപുരം, വിക്ടോറിയകോളേജ്, താരേക്കാട് വഴി വന്ന് മുനിസിപ്പൽ സ്റ്റാൻഡിലേക്കും സ്റ്റേഡിയം സ്റ്റാൻഡിലേക്കുമുള്ള ബസുകൾ അതത് സ്റ്റാൻഡുകളിലേക്ക് തിരിഞ്ഞുംപോകണം. യാത്രക്കാരെ കയറ്റി അതേ വഴിയിലൂടെ തിരിച്ചുപോകണം.
