Breaking News

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: മൂന്നുവർഷത്തിനിടെ മലയാളികൾക്ക് നഷ്‌ടമായത് 1694 കോടി

Spread the love

കാളികാവ് (മലപ്പുറം): ഓൺലൈൻ ട്രേഡിങ് തട്ടിപ്പുസംഘങ്ങളുടെ പ്രലോഭനങ്ങളിൽ കുടുങ്ങി മൂന്നുവർഷത്തിനിടെ മലയാളികൾക്ക് നഷ്ടമായത് 1694 കോടി രൂപ. കേരള പോലീസിന്റെയും സൈബർ വിങ്ങിന്റെയും ഔദ്യോഗിക കണക്കുകൾ പ്രകാരമാണിത്. ഇതുവരെ 20,000-ത്തോളം പരാതികളാണ് രജിസ്റ്റർ ചെയ്തത്.

ഓൺലൈൻ ട്രേഡിങ് എന്താണെന്നുപോലും അറിയാത്തവരാണ് പണം നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗവും. നാണക്കേടുഭയന്ന് പരാതി നൽകാത്തവരുമുണ്ട്.

തട്ടിപ്പിന്റെ രീതികൾ

സെലിബ്രിറ്റി വ്യാജ വീഡിയോകളാണ് തട്ടിപ്പുകാരുടെ പ്രധാന ആയുധം. ബിസിനസുകാരുടെയോ സിനിമാതാരങ്ങളുടെയോ ദൃശ്യങ്ങൾ എ.ഐ. ഉപയോഗിച്ച് മാറ്റിമറിച്ച് ഈ പ്ലാറ്റ്‌ഫോമിലൂടെ പണമുണ്ടാക്കി എന്ന് വിശ്വസിപ്പിക്കുന്നു. യുവാക്കളുടെയും വിദ്യാർഥികളുടെയും ബാങ്ക് അക്കൗണ്ടുകൾ ചെറിയ കമ്മിഷൻ നൽകി സംഘം വാടകയ്ക്കെടുക്കുന്നു. ലക്ഷക്കണക്കിനുരൂപ ഇതിലൂടെ ട്രൻസ്‌ഫർചെയ്ത് നിയമക്കുരുക്കിൽനിന്ന് രക്ഷപ്പെടുകയാണ് രീതി.

വ്യാജ ആപ്പുകൾ വിരിച്ചാണ് കെണിയൊരുക്കുന്നത്. പ്ലേസ്റ്റോറിൽ ഇല്ലാത്തതോ പ്രമുഖ ട്രേഡിങ് ആപ്പുകളോട് സാമ്യമുള്ളതോ ആയ എ.പി.കെ. ഫയലുകൾ വഴി ഇൻസ്റ്റാൾ ചെയ്യിക്കുന്ന ആപ്പിലൂടെ നിക്ഷേപകരെ കബളിപ്പിക്കുന്നു. വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ചേർത്ത് ’സ്റ്റോക്ക് ടിപ്‌സ്’ നൽകും. ഗ്രൂപ്പിലെ ഭൂരിഭാഗം പേരും തട്ടിപ്പുസംഘത്തിന്റെതന്നെ ആളുകളായിരിക്കും. അവർക്ക് ലാഭം കിട്ടി എന്ന സ്‌ക്രീൻഷോട്ടുകൾ കണ്ട് സാധാരണക്കാർ വീണുപോകുന്നു.
ആദ്യം ചെറിയ തുക നിക്ഷേപിക്കാൻ ആവശ്യപ്പെടും. അതിന് കൃത്യമായ ലാഭം നൽകി വിശ്വാസം നേടിയെടുക്കും. ലാഭത്തിൽ ആകൃഷ്ടരായി വലിയ തുക നിക്ഷേപിക്കുന്നവർക്ക് പിന്നെ പണം പിൻവലിക്കാൻ കഴിയാത്ത അവസ്ഥയിലാകും.

കാളികാവ് പൂങ്ങോട് സ്വദേശിക്ക് 47 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. കേസിൽ രണ്ടുപേർ പിടിയിലായെങ്കിലും തട്ടിപ്പുസംഘത്തിന്റെ യഥാർഥ കണ്ണിയിൽ എത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല.

പണം തിരികെ ചോദിക്കുന്നവരെ നിങ്ങൾ ചെയ്തത് നിയമവിരുദ്ധമായ ഇടപാടാണ്, സി.ബി.ഐ. ഉടൻ വരും എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും പണം തട്ടുന്നതായാണ് പരാതി.

പോലീസ് നൽകുന്ന ജാഗ്രതാനിർദേശങ്ങൾ

സെബി അംഗീകാരമുള്ള ബ്രോക്കർമാർ വഴി മാത്രം വ്യാപാരം നടത്തുക.

അമിതലാഭം വാഗ്‌ദാനംചെയ്യുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.

ബാങ്ക് അക്കൗണ്ടുകൾ മറ്റൊരാൾക്ക് ഇടപാടുകൾക്കായി വിട്ടുനൽകരുത്.

തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന നമ്പറിൽ വിളിക്കുകയോ www.cybercrime.gov.in എന്ന പോർട്ടലിൽ പരാതിനൽകുകയോ ചെയ്യുക.

You cannot copy content of this page