Breaking News

സംസ്ഥാനത്ത് തികയാതെ വൈദ്യുതി; ഏപ്രിൽ എത്തുംമുൻപുതന്നെ ആവശ്യകത സർവകാല റെക്കോഡിൽ

Spread the love

തിരുവനന്തപുരം: ഏപ്രിൽ എത്തുംമുൻപുതന്നെ കേരളത്തിന്റെ വൈദ്യുതി ആവശ്യകത സർവകാല റെക്കോഡിട്ടു. ബുധനാഴ്ച രാത്രി 10.30-ന് വേണ്ടിവന്നത് 5802 മെഗാവാട്ടാണ്. വൈകുന്നേരങ്ങളിൽ പരമാവധി ആവശ്യകത ഇതിനുമുൻപെങ്ങും ഇത്രയും ഉയർന്നിട്ടില്ല. 2024 ജൂൺ രണ്ടിന് രാത്രി 5797 മെഗാവാട്ട് വരെ ആവശ്യകത ഉയർന്നിരുന്നു. ആ റെക്കോഡാണ് ബുധനാഴ്ച തിരുത്തിയത്.

ബുധനാഴ്ചത്തെ മൊത്തം ഉപഭോഗം 10.8 കോടി യൂണിറ്റായിരുന്നു. ഇത് ഈ മാസത്തെ റെക്കോഡാണ്. കഴിഞ്ഞവർഷം ഇതേദിവസം 9.9 കോടി യൂണിറ്റായിരുന്നു വേണ്ടിവന്നത്. ദിവസം മുഴുവനുമുള്ള ഉപഭോഗത്തിൽ 2024 ജൂൺ മൂന്നിന് വേണ്ടിവന്ന 11.59 കോടി യൂണിറ്റാണ് ഇതുവരെയുള്ള റെക്കോഡ്.

മാർച്ചിലെ ശരാശരി ആവശ്യകത 5550 മെഗാവാട്ടായാണ് കെ.എസ്.ഇ.ബി. കണക്കാക്കിയിരുന്നത്. എന്നാൽ പരമാവധി ആവശ്യകത പ്രതീക്ഷിച്ചതിലും കൂടി. മേയിൽ ആറായിരം മെഗാവാട്ടുവരെ എത്താമെന്നും കണക്കുകൂട്ടുന്നു. നേരത്തേ കരാറായത് തികയാതെ വരുമ്പോൾ എക്‌സ്‌ചേഞ്ചിൽനിന്ന്‌ ഇപ്പോൾ വൈദ്യുതി വാങ്ങുന്നുണ്ട്. രാത്രിയിൽ യൂണിറ്റിന് 10 രൂപവരെ എക്സ്‌ചേഞ്ചിൽ വിലയുണ്ട്. വൈകുന്നേരം മൂന്നുമുതൽ ആറുവരെയുള്ള സമയത്ത് 4000 മെഗാവാട്ട് പ്രതീക്ഷിച്ചിരുന്നിടത്ത് 3800 മെഗാവാട്ട് വരെയാണ് ഇപ്പോൾ വേണ്ടിവരുന്നത്.

കാരണങ്ങൾ നാല്

* ചൂട് കൂടുന്തോറും എയർകണ്ടീഷണറുകൾ പ്രവർത്തിപ്പിക്കേണ്ടിവരുന്നു. ഇതിനാലാണ് രാത്രി 10-നുശേഷം ഉപഭോഗം കൂടുന്നത്.

* പാചകവാതക്ഷാമം കാരണമുള്ള ഇൻഡക്‌ഷൻ കുക്കറിന്റെ ഉപയോഗം കൂടുന്നു.

* തിരഞ്ഞെടുപ്പ് പ്രചാരണം.

* പരീക്ഷാക്കാലം

തടസ്സപ്പെടില്ലെന്ന് കെ.എസ്.ഇ.ബി.

ഉപഭോഗം കൂടിയെങ്കിലും തടസ്സമില്ലാതെ വൈദ്യുതി വിതരണം ചെയ്യാനാകുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. വ്യാഴാഴ്ച ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ മിൻഹാജ് ആലമിന്റെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി. സ്ഥിതിഗതികൾ വിലയിരുത്തി.

You cannot copy content of this page