Breaking News

അമേരിക്ക മുന്നോട്ടുവെച്ച സമാധാന നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് അരഗ്ചി; ഇറാന്‍ നേതാക്കള്‍ ഒത്തുതീര്‍പ്പിന് ആഗ്രഹിക്കുന്നെന്ന് ട്രംപ്

Spread the love

അമേരിക്ക മുന്നോട്ടുവെച്ച സമാധാന നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ഇറാന്‍. നിലവില്‍ അമേരിക്കയുമായി ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് താത്പര്യമില്ലെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി വ്യക്തമാക്കി. അതേസമയം, ഇറാന്റെ നേതാക്കള്‍ അമേരിക്കയുമായി ഒത്തുതീര്‍പ്പിലെത്താന്‍ ആഗ്രഹിക്കുന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കയുമായി നേതാക്കള്‍ ചര്‍ച്ച നടത്തുകയാണെന്നും കരാറിനായി അവര്‍ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നുമാണ് ട്രംപ് പറയുന്നത്. എന്നാല്‍, ആഭ്യന്തരവും ബാഹ്യവുമായ പ്രത്യാഘാതങ്ങളെ ഇറാന്‍ നേതാക്കള്‍ ഭയക്കുകയാണെന്നും ട്രംപ് പറയുന്നു. സ്വന്തം ആളുകളാല്‍ വധിക്കപ്പെടുമെന്ന് അവര്‍ ഭയപ്പെടുകയാണെന്നും ട്രംപ്. അമേരിക്ക അവരെ വധിക്കുമെന്നും അവര്‍ ഭയക്കുന്നതായും ട്രംപ് പറയുന്നു. നാഷണല്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രഷണല്‍ കമ്മിറ്റി അത്താഴ വിരുന്നില്‍ റിപ്പബ്ലിക്കന്‍സിനെ അഭിസംബോധന ചെയ്താണ് ട്രംപിന്റെ പരാമര്‍ശങ്ങള്‍.

അതിനിടെ, അയല്‍രാജ്യങ്ങള്‍ അമേരിക്കയില്‍ നിന്നും അകലം പാലിക്കണമെന്ന് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നല്‍കി. ഒരു അയല്‍രാജ്യത്തിന്റെ സഹായത്തോടെ ഇറാന്റെ ഖാര്‍ഗ് ദ്വീപ് അമേരിക്ക കൈവശപ്പെടുത്താന്‍ പദ്ധതിയിടുന്നതായി ഇറാനിയന്‍ പാര്‍ലമെന്ററി സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബഫ് എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. രാജ്യത്തിന്റെ പേര് ഖാലിബഫ് പോസ്റ്റില്‍ പറഞ്ഞിട്ടില്ല. അമേരിക്കയെ സഹായിക്കുന്ന അയല്‍രാജ്യത്തിന്റെ സുപ്രധാന അടിസ്ഥാനസൗകര്യങ്ങള്‍ നിരന്തര ആക്രമണത്തിന് വിധേയമാക്കുമെന്നും ഖാലിബഫ് പറയുന്നു.

അമേരിക്കയുടെ എഫ് 18 വിമാനം ലക്ഷ്യം വച്ചെന്ന് ഇറാന്‍ പറയുന്നു. ഇറാന്റെ പ്രസ് ടിവിയാണ് ഐ ആര്‍ ജി സിയെ ഉദ്ധരിച്ച് വിവരം പുറത്തുവിട്ടത്.
ചാബഹാറിനു മുകളില്‍ വച്ചാണ് ആക്രമിച്ചതെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാന്റെ വാദം അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് നിഷേധിച്ചു. അമേരിക്കയുടെ ഒരു വിമാനവും ഇറാന്‍ വെടിവച്ചിട്ടിട്ടില്ലെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.

അതിനിടെ, പരാജയം അംഗീകരിച്ച് സമാധാനത്തിന് തയ്യാറായില്ലെങ്കില്‍ ഇറാന്‍ മുന്‍പെങ്ങുമില്ലാത്ത പ്രഹരം നേരിടേണ്ടി വരുമെന്ന് വൈറ്റ്‌ഹൌസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് മുന്നറിയിപ്പ് നല്‍കി.

You cannot copy content of this page