Breaking News

യു. പ്രതിഭയ്ക്ക് എതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ തുടര്‍നടപടികള്‍ക്ക് എല്‍ഡിഎഫ്; തിരഞ്ഞെടുപ്പ് കമ്മീഷണിലും പൊലീസിലും ഇന്ന് പരാതി നല്‍കും

Spread the love

കായംകുളം എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു. പ്രതിഭയ്ക്ക് എതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ തുടര്‍നടപടികള്‍ക്ക് എല്‍ഡിഎഫ്. തിരഞ്ഞെടുപ്പ് കമ്മീഷണിലും പൊലീസിലും ഇന്ന് പരാതി നല്‍കും. യുഡിഎഫ് കണ്‍വീനറും മുസ്ലിം ലീഗ് നേതാവുമായ ഇര്‍ഷാദ് ചക്കാലശേരി സ്ത്രീത്വത്തെ അപമാനിച്ചു എന്ന് കാട്ടിയാണ് പരാതി. തിരഞ്ഞെടുപ്പ് കമ്മീഷനും, വരണാധികാരിക്കും എല്‍ഡിഎഫ് പരാതി കൈമാറും.സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാതയുടെ നേതൃത്വത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കായംകുളത്ത് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. തിരഞ്ഞെടുപ്പില്‍ വിഷയം പ്രചാരണായുധമാക്കാനാണ് എല്‍ഡിഎഫ് നീക്കം. വിവാദങ്ങള്‍ക്ക് പിന്നാലെ മുസ്ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് മണ്ഡലം പ്രസിഡന്റ് എ ഇര്‍ഷാദിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇര്‍ഷാദിനെതിരെ സ്വീകരിച്ച നടപടി ഉയര്‍ത്തി കാട്ടിയാണ് യുഡിഎഫിന്റെ പ്രതിരോധം.

കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ആയിരുന്നു മുസ്ലിം ലീഗ് നേതാവും കായംകുളം യുഡിഎഫ് കണ്‍വീനറുമായ എ ഇര്‍ഷാദിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. സിറ്റിംഗ് എംഎല്‍എയായ പ്രതിഭയുടെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നതിനിടെയാണ് അധിക്ഷേപകരമായ പ്രസ്താവന. സംഭവം വിവാദമായതോടെ പ്രതിഷേധവുമായി എല്‍ഡിഎഫ് രംഗത്തെത്തി. പ്രസ്താവന ഒരാളെ മാത്രം ലക്ഷ്യമിട്ടു കൊണ്ടല്ലെന്നും പൊതുരംഗത്തുള്ള മുഴുവന്‍ സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

വിഷയത്തില്‍ ഇര്‍ഷാദ് ഖേദം പ്രകടിപ്പിച്ചിരുന്നു. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും നീണ്ട പ്രസംഗത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് പ്രചരിപ്പിച്ചതാണെന്നും ഇര്‍ഷാദ് പറഞ്ഞു. പരാമര്‍ശത്തെ ഒരിക്കലും പിന്തുണക്കില്ലെന്നും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു എന്നും എതിര്‍ സ്ഥാനാര്‍ഥി എം ലിജുവും വ്യക്തമാക്കി. എന്നാല്‍, മാപ്പ് ഒരിക്കലും അംഗീകരിക്കാന്‍ ആവില്ല എന്നും വ്യക്തിപരമായ അധിക്ഷേപം വലിയ വേദന ഉണ്ടാക്കിയെന്നും വികാരാധീനയായി യു പ്രതിഭ പ്രതികരിച്ചു.

You cannot copy content of this page