കൊച്ചി: ശബരി റെയിൽപ്പാത നിർമാണത്തിന്റെ പാതിച്ചെലവ് വഹിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ടെന്നും പദ്ധതി നടപ്പാക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പദ്ധതിച്ചെലവായ 3800 കോടി രൂപയിൽ 1900 കോടി രൂപ സംസ്ഥാനസർക്കാർ വഹിക്കുമെന്ന് അറിയിച്ചതായാണ് കേന്ദ്ര സർക്കാർ അറിയിച്ചത്.
സ്ഥലമേറ്റെടുക്കാനുള്ള ചെലവാണിത്. ദക്ഷിണ റെയിൽവേ കൺസ്ട്രക്‌ഷൻ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഷബിൻ ആസഫ് ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ആ വിവരമുള്ളത്. പദ്ധതി മരവിപ്പിച്ചത് നീക്കിയതായും റെയിൽവേ വ്യക്തമാക്കി. ശബരി റെയിൽവേ ആക്‌ഷൻ കൗൺസിലുകളുടെ സംസ്ഥാന ഫെഡറേഷൻ സെക്രട്ടറി ജിജോ പനച്ചിനാനിയാണ് ഹർജി ഫയൽ ചെയ്തത്.
കേന്ദ്രസർക്കാർ വിശദീകരണത്തെത്തുടർന്ന് ഡിവിഷൻ ബെഞ്ച് ഹർജി തീർപ്പാക്കി. പദ്ധതി കോൾഡ് സ്റ്റോറേജിൽ വെക്കരുതെന്നും വാക്കാൽ പരാമർശിച്ചു. പദ്ധതിയുടെ വിശദമായ മാപ്പും അംഗീകൃത അലൈൻമെന്റും സംസ്ഥാനസർക്കാരിന് നൽകാൻ റെയിൽവേ ബോർഡിന് നിർദേശം നൽകിയതായും സത്യവാങ്മൂലത്തിൽ പറയുന്നു.
കിഫ്ബി സാമ്പത്തിക സഹായത്തോടെ പദ്ധതിച്ചെലവ് വഹിക്കുമെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചത്. വിവിധ വകുപ്പുകളുമായിച്ചേർന്ന് തുടർ നടപടികൾ വേഗത്തിലാക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ശബരിപ്പാതയ്ക്കുവേണ്ടി കോടതിയിൽ: ഒടുവിൽ വിജയം
കൊച്ചി: ‘‘ഇവിടെ ഒരു സാധാരണക്കാരൻ ശ്രമിച്ചാൽ വികസനപദ്ധതിയുടെ തടസ്സങ്ങൾ നീക്കാനാകുമെന്ന് കാണിച്ചുകൊടുക്കണമെന്നുതോന്നി. അതാണ് അങ്കമാലി-എരുമേലി ശബരിപ്പാതയ്ക്കായി മുന്നിട്ടിറങ്ങിയത്.’’ ജിജോ ജോസഫ് പനച്ചിനാനി പറയുന്നു. ശബരിപ്പാത മരവിപ്പിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശബരി ആക്ഷൻ കൗൺസിലുകളുടെ ഫെഡറേഷൻ സെക്രട്ടറി ജിജോ ഹർജി നൽകിയത് 2019-ലാണ്.
ശബരി പദ്ധതി കോൾഡ് സ്റ്റോറേജിൽ വെയ്ക്കരുതെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞതിൽ ജിജോ ആഹ്ളാദം പങ്കിട്ടു. എം.എസ്.ഡബ്ല്യു. പഠനശേഷം വിവിധ മേഖലകളിൽ പ്രവർത്തിച്ച തൊടുപുഴ സ്വദേശിയായ ജിജോ നിലവിൽ ഡൽഹിയിൽ പ്രധാനമന്ത്രി മത്സ്യ കിസാൻസമൃദ്ധി സഹയോജന പദ്ധതിയുടെ സോഷ്യൽ ഡിവലപ്മെന്റ് സ്പെഷ്യലിസ്റ്റാണ്.
‘‘അന്ന് ആദ്യം കോടതിയിൽ പോകുമ്പോൾ കുറച്ചുപേർ സംഭാവനയിട്ടാണ് ചെലവിന് പണം കണ്ടെത്തിയത്. കരിങ്കുന്നത്തെ ശബരി ആക്ഷൻ കൗൺസിലിന്റെ പ്രസിഡന്റ് പരേതനായ യു.കെ. ചാക്കോസാർ, സെക്രട്ടറി പീതാംബരൻചേട്ടൻ.. എന്നിവർ’’ ജിജോ പറയുന്നു.
25 വർഷം പിന്നിട്ടിട്ടും യാഥാർഥ്യമാകാത്ത പദ്ധതിക്കായി സമരം ചെയ്യുകയും സർക്കാർ ഓഫീസുകളിൽ നിരന്തരം അന്വേഷിക്കുകയും ചെയ്ത ആക്ഷൻ കൗൺസിലുകളുടെ ഫെഡറേഷനാണ് വിഷയം മാധ്യമങ്ങളിൽ സജീവമായി നിലനിർത്തിയത്.
ഡിജോ കാപ്പൻ ചെയർമാനും മുൻ എം.എൽ.എ. ബാബുപോൾ ജനറൽ സെക്രട്ടറിയുമായ ഫെഡറേഷൻ 14 സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിലുകളുടെ കൂട്ടായ്മയാണ്. പദ്ധതിവന്നാൽ ലക്ഷക്കണക്കിന് ആളുകളുടെ വീട് നഷ്ടപ്പെടുമെന്ന് വർഷങ്ങൾക്കുമുൻപ്, തെറ്റായ പ്രചാരണമുണ്ടായപ്പോൾ വിവരാവകാശ നിയമപ്രകാരം റെയിൽവേയിൽനിന്ന് രേഖകൾ വാങ്ങി അതുമായി തൊടുപുഴയിലും പാലായിലും മൂവാറ്റുപുഴയിലും ജിജോ പത്രസമ്മേളനം നടത്തിയിരുന്നു.
