ബെംഗളൂരു: പക്ഷാഘാതം സംഭവിച്ചു കിടപ്പിലായിരുന്ന അമ്മയെ നാലാം നിലയിൽനിന്ന് എറിഞ്ഞു കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. ബെംഗളൂരുവിലെ ആർ.ആർ. നഗറിലാണ് സംഭവം. 75-കാരിയായ സവിത്രാമ്മയെയാണ് മകൻ വെങ്കടേശ് കൊലപ്പെടുത്തിയത്. അഞ്ചുവർഷമായി തളർന്നുകിടക്കുന്ന അമ്മയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകാത്തതിനാലും സാമ്പത്തികബുദ്ധിമുട്ടടക്കമുള്ള പ്രയാസങ്ങളുള്ളതിനാലുമാണ് കൊല നടത്തിയതെന്ന് വെങ്കിടേശ് പോലീസിന് മൊഴി നൽകി.
ഏറ്റവും താഴത്തെ നിലയിലുള്ള വീട്ടിലായിരുന്നു വെങ്കിടേശും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവിടെനിന്ന് അമ്മയെ നാലാംനിലയിലുള്ള മട്ടുപ്പാവിലേക്ക് എടുത്തുകൊണ്ടുവരുകയും താഴേക്ക് എറിയുകയുമായിരുന്നു. തത്ക്ഷണംതന്നെ സവിത്രാമ്മ മരിച്ചു. ശബ്ദം കേട്ടു തിരഞ്ഞു ചെന്ന വീട്ടുടമയാണ് സംഭവം ആദ്യം അറിഞ്ഞത്. 10 വർഷം മുൻപ് വെങ്കിടേശിന്റെ അച്ഛൻ മരിച്ചിരുന്നു. കിടപ്പിലായ സവിത്രാമ്മയെ പരിചരിക്കേണ്ടതിനാൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന വെങ്കിടേശിന് ജോലി ഉപേക്ഷിക്കേണ്ടി വന്നിരുന്നു.
ജോലി ഇല്ലാത്തതും സാമ്പത്തിക ഞെരുക്കവും അമ്മയുടെ ആരോഗ്യത്തിൽ പുരോഗതിയില്ലാത്തതും മൂലം വെങ്കിടേഷ് കടുത്ത നിരാശയിലായിരുന്നു. അമ്മയുടെ ആരോഗ്യപ്രശ്നം തന്റെ ജീവിതം ദുരിതപൂർണമാക്കി. അതിനാൽ, ഭാര്യ പുറത്തുപോയ സമയംനോക്കി അമ്മയെ കൊലപ്പെടുത്താൻ തീരുമാനിച്ചു -വെങ്കിടേഷ് പോലീസിനോട് പറഞ്ഞു.
