Breaking News

വികസന സ്തംഭനം യാഥാർത്ഥ്യം;കേരള കോൺഗ്രസ് (എം ) തൊടുപുഴ

Spread the love

തൊടുപുഴ:കഴിഞ്ഞ 10 വർഷക്കാലം തൊടുപുഴയുടെ എംഎൽഎ എന്ന നിലയിൽ പി ജെ ജോസഫ് ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് കേരള കോൺഗ്രസ് എം നിയോജ മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി സീനിയർനേതാവ് എന്ന നിലയിൽ സഭയിലും പൊതു സമൂഹത്തിനും കിട്ടുന്ന സ്വീകാര്യത മണ്ഡലത്തിന്റെ വികസനത്തിനുവേണ്ടി ഉപയോഗപ്പെടുത്താതെ എംഎൽഎ എന്ന നിലയിലുള്ള ആനുകൂല്യങ്ങളും സുഖസൗകര്യങ്ങളും അനുഭവിച്ച് പുറപ്പുഴയിലെ വീട്ടിലിരുന്ന് പൊതു പ്രവർത്തനം നടത്തിയാൽ മണ്ഡലത്തോട് നീതി പുലർത്തുവാൻ കഴിയുകയില്ല എന്ന യാഥാർത്ഥ്യം പി.ജെ ജോസഫ് മനസ്സിലാക്കണം. ജോസ് കെ മാണി തൊടുപുഴയുടെ വികസന സ്തംഭനം സംബന്ധിച്ച് വ്യക്തമാക്കിയത് യാഥാർത്ഥ്യ ബോധത്തോടെയുള്ള സമീപനമാണ്. സംസ്ഥാനത്തിന് വികസന മാതൃകയായിരുന്ന ഒരു മണ്ഡലം കഴിഞ്ഞകുറേ വർഷമായി അനാഥാവസ്ഥയിലാണ്. തൊടുപുഴയിൽ തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ഉയർന്നുകേൾക്കുന്ന വികസനം നടപ്പാക്കുവാൻ കാലേക്കൂട്ടി സംസ്ഥാനത്തെ ഭരണകർത്താക്കളെ നേരിൽ കാണുവാനും സഭയിൽ വിഷയം അവതരിപ്പിക്കുവാനും തയ്യാറാവേണ്ടത് എംഎൽഎയുടെ ഉത്തരവാദിത്വമാണ്. തൊട്ടടുത്ത പ്രതിപക്ഷ എംഎൽഎമാരുടെ മണ്ഡലങ്ങളിൽ വികസനം നടന്നുവെന്ന് അവർ തന്നെ ഏറ്റുപറയുമ്പോഴും എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ട് രണ്ടാം ടേം പൂർത്തിയാക്കുമ്പോൾ എന്നെ പരിഗണിച്ചില്ല എനിക്കൊന്നും ലഭിച്ചില്ല എന്ന് പറയുന്നത് രാഷ്ട്രീയമായ അല്പത്തവും നിരുത്തരവാദപരമായ സമീപനവും ആണ്. പ്രായാധിക്യം കൊണ്ട് കഷ്ടതകൾ അനുഭവിക്കുന്നുണ്ടെങ്കിൽ ആരോഗ്യം പരിഗണിച്ച് സ്വയം പിന്മാറുവാൻ തയ്യാറാവുകയാണ് വേണ്ടത്. അധികാരമോഹം കൊണ്ടാണൊ 85 ആം വയസ്സിലും ജനപ്രതിനിധിയാകുവാൻ മത്സരിക്കുവാനിറങ്ങുന്നത് എന്ന് ജോസഫ് സ്വയം വ്യക്തമാക്കണം. കഴിഞ്ഞ 10 വർഷക്കാലം നഷ്ടമാക്കിയ ജോസഫ് തനിക്കൊരു അവസരം നൽകണമെന്ന് ജനങ്ങളോട് ഇനിയും ആവശ്യപ്പെടുവാൻ ജാള്യതയില്ലേ. മുഖ്യമന്ത്രിയും മന്ത്രിമാരും സ്വന്തം മണ്ഡലത്തിലെ ചടങ്ങിൽ പങ്കെടുക്കുമ്പോൾ പോലും വിട്ടുനിൽക്കുകയും നിസ്സഹരിക്കുകയും ചെയ്യുന്നത് എത്ര വലിയ സീനിയർ നേതാവായാലും ഭൂഷണമല്ല. നിയമസഭയിൽ ഹാജരാകാതെ എങ്ങനെയാണ് ഒരു എംഎൽഎക്ക് പ്രവർത്തിക്കാൻ കഴിയുക എന്നുള്ളത് ജോസഫ് വ്യക്തമാക്കണം. തൊടുപുഴയിൽ വികസന സ്തംഭനം ഉണ്ടെന്നുള്ളത് ഇല്ലായ്മ പറച്ചിലിലൂടെ ജോസഫും അംഗീകരിച്ചിരിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ അംഗമായിരുന്നപ്പോൾ മുഖ്യമന്ത്രി ഇ കെ നയനാർ അനുവദിച്ച വികസന പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം സ്വയം പേറുന്നത് ഇനിയെങ്കിലും ജോസഫ് അവസാനിപ്പിക്കണം. കഴിഞ്ഞ 10 വർഷക്കാലം തൊടുപുഴയ്ക്ക് നഷ്ടപ്പെട്ടത് നാടിന് ഗുണകരമാവേണ്ട കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ്. മണ്ഡലത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ഒന്നും ഇടപെടാതെ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ശബ്ദിക്കുകയും അല്ലാത്തപ്പോൾ മൗനം പാലിക്കുകയും ചെയ്യുന്ന സ്ഥിരം തന്ത്രം ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. മുതിർന്ന രാഷ്ട്രീയ നേതാവ് എന്ന നിലയിൽ ലഭിക്കുന്ന പരിഗണനയും ബഹുമാനവും ദുരുപയോഗിക്കുന്നനിലപാടാണ് ജോസഫ് സ്വീകരിക്കുന്നതെന്നും കേരള കോൺഗ്രസ്എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം കേൾക്കുന്ന അവകാശവാദങ്ങളും പൊള്ളയായ വാഗ്ദാനങ്ങളും മാറ്റിവെച്ച് തൊടുപുഴയുടെ വികസനം സംബന്ധിച്ച് തുറന്ന സംവാദത്തിന് ജോസഫ് മുന്നോട്ടു വരികയാണ് , അതിനു ജോസഫ് തയ്യാറുണ്ടോ എന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. നിയോജക മണ്ഡലം പ്രസിഡണ്ട് ജിമ്മി മറ്റത്തിപാറ അധ്യക്ഷത വഹിച്ചു. നേതാക്കളായ പ്രൊഫ കെ ഐ ആൻറണി, റെജി കുന്നംകോട്ട് തുടങ്ങിയവർ പ്രസംഗിച്ചു

You cannot copy content of this page