ശബരിമല സ്വര്‍ണക്കൊള്ള: പുതിയ നീക്കവുമായി എസ്‌ഐടി, കഴിഞ്ഞ വര്‍ഷം സ്വർണപ്പാളി കൊണ്ടുപോയതിലും കേസെടുത്തേക്കും

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പുതിയ നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികള്‍ കഴിഞ്ഞ വര്‍ഷം സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതില്‍ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാൻ എസ്ഐടി നീക്കം നടത്തുന്നതായാണ് വിവരം. ഇതിനായി നിയമോപദേശം ലഭിച്ചുവെന്നാണ് സൂചന. അങ്ങനെയെങ്കില്‍ പി എസ് പ്രശാന്ത് അധ്യക്ഷനായ കഴിഞ്ഞ ദേവസ്വം ബോര്‍ഡും പ്രതിപ്പട്ടികയില്‍ വന്നേക്കും. കഴിഞ്ഞ വര്‍ഷം സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ടുള്ള ഇടപാടുകള്‍ 2019 ല്‍ നടന്ന സ്വര്‍ണകൊള്ള മറയ്ക്കാനുള്ള നീക്കമായിരുന്നുവെന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുക്കാൻ എസ്ഐടി നീക്കം നടത്തുന്നത്.

2017ല്‍ കൊടിമരം മാറ്റിയതിലും പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ നീക്കമുണ്ട് എന്നാണ് വിവരം. പുതിയ കൊടിമരം സ്ഥാപിച്ചപ്പോള്‍ സ്വര്‍ണം പൂശിയ പഴയ കൊടിമരത്തിലെ പാളികളും ശില്‍പങ്ങളും സമാന രീതിയില്‍ കടത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണിത്. കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡൻ്റും കോണ്‍ഗ്രസിലെ അജയ് തറയില്‍ സിപിഐഎം നേതാവ് കെ രാഘവന്‍ എന്നിവര്‍ അംഗങ്ങളുമായ ദേവസ്വം ബോര്‍ഡ് ആയിരുന്നു അന്ന് ചുമതലയിലുണ്ടായിരുന്നത്.

2019ലെ സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ മുരാരി ബാബുവാണ് 2024 ല്‍ സ്വര്‍ണപ്പാളികളില്‍ വീണ്ടും സ്വര്‍ണംപൂശാനുള്ള നീക്കങ്ങള്‍ക്കും തുടക്കമിട്ടത്. ഇത് മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഒത്താശയോടെയാണെന്ന സംശയത്തിലാണ് എസ്‌ഐടി. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിന് സ്വര്‍ണം പൂശാനുള്ള വൈദഗ്ധ്യം കുറവെന്ന് 2025 ജൂണില്‍ ഫയലില്‍ കുറിച്ച തിരുവാഭരണം കമ്മീഷണര്‍ 7 ദിവസത്തിനുശേഷം ഈ നിലപാട് തിരുത്തിയത് ബോര്‍ഡ് തലപ്പത്തെ ഇടപെടല്‍ കൊണ്ടാണെന്നും കണ്ടെത്തിയിട്ടുണ്ട്. വീണ്ടും സ്വര്‍ണം പൂശാനായി പാളികള്‍ ഇളക്കികൊണ്ടു പോകുന്ന കാര്യം ഹൈക്കോടതി നിയോഗിച്ച സ്‌പെഷല്‍ കമ്മീഷണറെ അറിയിച്ചില്ലെന്നത് മാത്രമാണ് വീഴ്ചയെന്നാണ് മുന്‍ ബോര്‍ഡിന്റെ വിശദീകരണം. എന്നാല്‍ സ്‌പെഷ്യൽ കമ്മീഷണറുടെ അനുമതി തേടാത്തതിലും ചട്ടവിരുദ്ധമായി ക്ഷേത്രപാളികള്‍ ശബരിമലയ്ക്ക് പുറത്തേക്കുകൊണ്ടുപോയതിലും വീഴ്ചയുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ.

You cannot copy content of this page