ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികളെ സംരക്ഷിക്കുകയാണെന്ന് രമേശ് ചെന്നിത്തല. ഇടക്കാല കുറ്റപത്രം സമർപ്പിക്കാതിരുന്നത് അമ്പല കള്ളന്മാരെ സംരക്ഷിക്കാൻ വേണ്ടിയാണ്. പ്രതികൾക്ക് ജാമ്യം ലഭിച്ചത് എസ്ഐടിയുടെ അനാസ്ഥകൊണ്ടാണെന്നും ചെന്നിത്തല വ്യക്തമാക്കി.
സ്വർണത്തെ സംബന്ധിച്ചുള്ള കെമിക്കൽ അനാലിസിസ് റിപ്പോർട്ട് ലഭിക്കാത്തതിന് പിന്നിൽ സർക്കാരിന്റെ ഇടപെടലാണ്. സർക്കാർ മനഃപൂർവ്വം മുൻ മന്ത്രിമാരെയും ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റുമാരെയും സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. കൂടുതൽ പ്രതികൾ കേസിൽ അറസ്റ്റിലാകാനുണ്ട്. സിപിഐഎമ്മിന്റെ പല നേതാക്കളും കേസിൽ ജയിലിൽ പോകാനായി ക്യൂ നിൽക്കുകയാണെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
സ്വർണക്കൊള്ളയുടെ സത്യാവസ്ഥ പുറത്തുവരണം. ദേവസ്വം മന്ത്രിയുടെ കസേരയിൽ ഇരിക്കുന്ന മന്ത്രി വി എൻ വാസവന് തുടരാനുള്ള അവകാശമില്ല. എസ്ഐടിയുടെ അന്വേഷണത്തെ മരവിപ്പിക്കാനും കേസ് തേച്ച് മായ്ച്ച് കളയാനും ഉന്നതങ്ങളിൽ നിന്ന് ഗൂഢാലോചന നടക്കുകയാണ് മുഖ്യമന്ത്രി അതിനെല്ലാം പച്ചക്കൊടി കാണിക്കുകയാണ്. യുഡിഎഫ് ഇതിനെതിരെയുള്ള പോരാട്ടം ശക്തമാക്കും. അയ്യപ്പ ഭക്തന്മാരുടെ വികാരങ്ങൾ വൃണപ്പെടുത്തിയ ഈ സംഭവത്തിൽ യഥാർത്ഥ പ്രതികളെ മുഴുവനും അറസ്റ്റ് ചെയ്യുന്നതുവരെ യുഡിഎഫ് പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും ജനകളുടെ മുന്നിൽ അവതരിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
