Breaking News

ഇന്ത്യയെ അനാവശ്യമായി വലിച്ചിഴച്ച് ചൈനയും, ട്രംപിന് പിന്നാലെ അവകാശവാദം; ‘ഇന്ത്യ – പാക് സംഘർഷം അവസാനപ്പിക്കാൻ ഇടപെട്ടു’

Spread the love

ബെയ്ജിംഗ്: ഈ വർഷം മെയ് മാസത്തിലുണ്ടായ ഇന്ത്യ-പാകിസ്ഥാൻ സൈനിക സംഘർഷം പരിഹരിക്കാൻ മധ്യസ്ഥത വഹിച്ചത് തങ്ങളാണെന്ന അവകാശവാദവുമായി ചൈനയും രംഗത്തെത്തി. നേരത്തെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, ഏത് തരത്തിലുള്ള മൂന്നാം കക്ഷി ഇടപെടലിനെയും ഇന്ത്യ ശക്തമായി തള്ളിക്കളയുന്നുണ്ട്. ബെയ്ജിംഗിൽ നടന്ന അന്താരാഷ്ട്ര സെമിനാറിൽ സംസാരിക്കവെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ഇ ആണ് ഇക്കാര്യം പറഞ്ഞത്.

ചൈനയുടെ അവകാശവാദങ്ങൾ

ഈ വർഷം ലോകത്തുണ്ടായ പല സംഘർഷങ്ങളിലും ചൈന ക്രിയാത്മകമായ ഇടപെടൽ നടത്തിയെന്ന് വാങ് ഇ പറഞ്ഞു. മ്യാൻമർ, ഇറാൻ ആണവ കരാർ, കംബോഡിയ-തായ്‌ലൻഡ് തർക്കം, ഇസ്രായേൽ – പലസ്തീൻ പ്രശ്നം എന്നിവയ്ക്കൊപ്പം ഇന്ത്യ-പാക് സംഘർഷവും ചൈന പരിഹരിച്ചതായി അദ്ദേഹം പട്ടികപ്പെടുത്തി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ യുദ്ധങ്ങൾ നടന്ന വർഷമാണിതെന്നും ഇതിൽ നീതിപൂർവ്വമായ നിലപാടാണ് ചൈന സ്വീകരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.ഇന്ത്യയുടെ ശക്തമായ നിലപാട്
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്കം പരിഹരിച്ചത് ഇരുരാജ്യങ്ങളിലെയും സൈനിക മേധാവികൾ നേരിട്ട് നടത്തിയ ചർച്ചയിലൂടെയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മെയ് 10-ന് നടന്ന ഫോൺ സംഭാഷണത്തിലൂടെയാണ് വെടിനിർത്തൽ തീരുമാനിച്ചത്. കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇന്ത്യക്കും പാകിസ്ഥാനും ഇടയിൽ മറ്റൊരു രാജ്യത്തിന്‍റെയും ഇടപെടൽ ആവശ്യമില്ലെന്ന് ഇന്ത്യ ആവർത്തിച്ചു. മെയ് ഏഴ് മുതൽ 10 വരെ നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് ചൈനയുടെ നിലപാട് സംശയാസ്പദമായിരുന്നു എന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.

ഒരു വശത്ത് പാകിസ്ഥാന് സൈനിക സഹായം നൽകിക്കൊണ്ട് മറുവശത്ത് ഇന്ത്യയുടെ വ്യോമാക്രമണത്തിൽ ചൈന ഖേദം പ്രകടിപ്പിച്ചിരുന്നു. പഹൽഗാമിലെ ഭീകരാക്രമണത്തെ പേരെടുത്ത് പറയാതെ അപലപിച്ച ചൈന, ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നാണ് അന്ന് ആവശ്യപ്പെട്ടിരുന്നത്. ഇന്ത്യയെയും പാകിസ്ഥാനെയും ചർച്ചയ്ക്ക് പ്രേരിപ്പിച്ചു എന്ന ട്രംപിന്‍റെയും ചൈനയുടെയും വാദങ്ങൾ വെറും രാഷ്ട്രീയ പ്രചാരണം മാത്രമാണെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തൽ.

You cannot copy content of this page