തദ്ദേശ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് തോല്‍വിക്ക് കാരണം ഭരണ വിരുദ്ധ വികാരം തന്നെയെന്ന് സിപിഐ റിപ്പോര്‍ട്ട്. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ പോരായ്മ, ശബരിമല സ്വര്‍ണക്കൊള്ള, ന്യൂന പക്ഷത്തെ പ്രകോപിപ്പിച്ച് നടത്തിയ പ്രസ്താവനകള്‍ എന്നിവ പരാജയ കാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.എല്‍ഡിഎഫിനെ സ്നേഹിച്ച വിവിധ വിഭാഗങ്ങളില്‍ ശക്തമായ വിമര്‍ശനം നിലനില്‍ക്കുന്നു. ഇതാണ് ഫലത്തില്‍ തെളിയുന്നത്. വോട്ട് ചെയ്യുമെന്ന് കരുതിയ വിവിധ വിഭാഗം ജനങ്ങള്‍ നമുക്ക് വോട്ട് ചെയ്തില്ല. മാത്രമല്ല എതിരായി വോട്ട് ചെയ്തതായിട്ടാണ് തിരഞ്ഞെടുപ്പ് ഫലം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ പോരായ്മ, ശബരിമല വിഷയം, ന്യൂനപക്ഷ ഏകീകരണം, ന്യൂനപക്ഷത്തെ പ്രകോപിപ്പിച്ച് നടത്തിയ പ്രസ്താവനകള്‍ എന്നിവ പരാജയ കാരണമായി. ഇത് എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ചയാണെന്നും സിപിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോല്‍വിയില്‍ മുഖ്യമന്ത്രിയേയും സിപിഐഎം നേതൃത്വത്തെയും പ്രതി കൂട്ടിലാക്കുന്ന വിമര്‍ശനമാണ് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നടന്നതെന്ന് ഇന്നലെ തന്നെ പുറത്ത് വന്നിരുന്നു. ജില്ലാ സെക്രട്ടറിമാരായിരുന്നു പ്രധാന വിമര്‍ശകര്‍. സര്‍ക്കാരിലും മുന്നണിയിലും സിപിഐഎമ്മിന്റെ ഏകാധിപത്യമാണ് നടക്കുന്നത്. എല്ലാകാര്യങ്ങളും തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. നയപരമായ വിഷയങ്ങളില്‍ പോലും സര്‍ക്കാരിലോ മുന്നണിയിലോ ചര്‍ച്ചയില്ല. മുഖ്യമന്ത്രിക്ക് തെറ്റുപറ്റിയാല്‍ തെറ്റാണെന്ന് പറയാന്‍ ആളില്ല എന്നതാണ് സ്ഥിതി. അത് മുഖ്യമന്ത്രിയുടെ മാത്രം തെറ്റല്ലെന്നും കൗണ്‍സില്‍ അംഗങ്ങള്‍ വിമര്‍ശിച്ചു.
സമൂഹ മാധ്യമങ്ങളില്‍ മുഴുവന്‍ മുഖ്യമന്ത്രിക്കും ഭരണത്തിനും എതിരായ വിമര്‍ശനങ്ങളാണ്. ഇതിനെ പ്രതിരോധിക്കാന്‍ ആകുന്നില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ഭരണനേതൃത്വത്തിന്റെ പ്രസ്താവനകളാണ് ന്യൂനപക്ഷത്തെ അകറ്റിയതെന്നും വിമര്‍ശനമുണ്ട്. മുസ്ലീം ന്യൂനപക്ഷത്തെ ഇടതുപക്ഷത്ത് നിന്ന് അകറ്റുക യുഡിഎഫ് അജണ്ടയായിരുന്നു. ഈ അജണ്ട എളുപ്പത്തില്‍ നടപ്പിലാകാന്‍ ഭരണനേതൃത്വത്തിന്റെ പ്രസ്താവന കാരണമായി. ജനങ്ങളെ സര്‍ക്കാരിന് എതിരാക്കുന്ന പ്രവര്‍ത്തനം യുഡിഎഫ് നടത്തി. മുഖ്യമന്ത്രിയുടെ പല നടപടികളും അവരുടെ ജോലി എളുപ്പമാക്കിയെന്നും നേതാക്കള്‍ വിമര്‍ശിച്ചു.
