നടി ഐശ്വര്യ ലക്ഷ്മി സമൂഹമാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതായി അറിയിച്ചു. ഈ തീരുമാനം ഒരുപാട് ആലോചിച്ചെടുത്തതാണെന്നും, വിസ്മരിക്കപ്പെടാനുള്ള സാധ്യതയുണ്ടായിട്ടും മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും നടി ഒരു കുറിപ്പിൽ വ്യക്തമാക്കി.
ഐശ്വര്യ ലക്ഷ്മി പങ്കുവെച്ച കുറിപ്പിന്റെ ഉള്ളടക്കം
സിനിമാ രംഗത്ത് പിടിച്ചുനിൽക്കാൻ സമൂഹമാധ്യമങ്ങൾ അത്യാവശ്യമാണെന്ന് താൻ വിശ്വസിച്ചിരുന്നു. എന്നാൽ കാലം കഴിഞ്ഞപ്പോൾ, സഹായിക്കുമെന്നു കരുതിയ ഈ മാധ്യമങ്ങൾ സ്വന്തം ജീവിതത്തെ ബാധിക്കുന്നതായി മനസ്സിലാക്കി. ജോലിയിലും പഠനത്തിലുമുണ്ടായിരുന്ന ശ്രദ്ധ കുറഞ്ഞു. അതുപോലെ സ്വന്തമായി ചിന്തിക്കാനുള്ള കഴിവും വാക്കുകളും നഷ്ടമായി. ചെറിയ സന്തോഷങ്ങളെപ്പോലും ഇല്ലാതാക്കി.
സമൂഹമാധ്യമങ്ങളുടെ ചിട്ടവട്ടങ്ങൾക്കനുസരിച്ച് മാറാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് നടി പറഞ്ഞു. സ്വന്തം വ്യക്തിത്വം നിലനിർത്താനും സമൂഹത്തിന്റെ നിർബന്ധങ്ങളിൽനിന്ന് പുറത്തുവരാനും ഒരുപാട് പരിശ്രമിക്കേണ്ടിവന്നു.
ഒരുപാട് കാലത്തിനുശേഷം തനിക്ക് തോന്നിയ ആദ്യത്തെ നല്ല ചിന്തയാണിതെന്നും വിസ്മരിക്കപ്പെടാനുള്ള സാധ്യത ഏറ്റെടുത്തുകൊണ്ടാണ് ഈ തീരുമാനമെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. “ഇന്നത്തെ കാലത്ത് ഇൻസ്റ്റാഗ്രാമിൽ ഇല്ലെങ്കിൽ ഓർമയിലും ഇല്ലല്ലോ” എന്ന ചിന്തയെ അവർ ചോദ്യം ചെയ്തു.
ഇതിലൂടെ തന്റെ ഉള്ളിലെ കലാകാരിയെയും കുട്ടിയെയും സംരക്ഷിക്കാൻ കഴിയുമെന്നും, ഇന്റർനെറ്റിൽ നിന്ന് പൂർണമായി അപ്രത്യക്ഷയാകാൻ തീരുമാനിച്ചുവെന്നും നടി അറിയിച്ചു.
കൂടുതൽ നല്ല സിനിമകൾ ചെയ്യാനും ആളുകളുമായി നേരിട്ടുള്ള ബന്ധങ്ങൾ സ്ഥാപിക്കാനും കഴിയുമെന്ന് അവർ പ്രതീക്ഷ പ്രകടിപ്പിച്ചു. നല്ല സിനിമകൾ ചെയ്യുമ്പോൾ പഴയതുപോലെ സ്നേഹവും പിന്തുണയും നൽകണമെന്നും അവർ അഭ്യർത്ഥിച്ചു.
