ന്യൂഡൽഹി: മലയാളികൾക്ക് വീണ്ടും പ്രതീക്ഷയായി കൊച്ചി – ബംഗളൂരു വന്ദേഭാരത്. കേരളത്തിന്റെ ദീർഘകാലമായുള്ള ആവശ്യമാണ് കൊച്ചി – ബംഗളൂരു റൂട്ടിൽ വന്ദേഭാരത് സർവീസ് എന്നത്. യാത്രക്കാരുടെയും ജനപ്രതിനിധികളുടെയും നിരന്തര സമ്മർദ്ദത്തിന്റെ ഫലമായി ഈ റൂട്ടിൽ വന്ദേഭാരത് സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിച്ചിരുന്നെങ്കിലും പിന്നീട് അത് നിർത്തലാക്കുകയായിരുന്നു. ഇപ്പോഴിതാ, വീണ്ടും കൊച്ചി – ബംഗളൂരു വന്ദേഭാരത് വരുമെന്ന പ്രതീക്ഷയാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നൽകുന്നത്.
ഭാവിയിൽ ആവശ്യമെന്ന് തോന്നിയാൽ സർവീസ് സ്ഥിരപ്പെടുത്തുന്നത് ആലോചിക്കുമെന്നാണ് കേന്ദ്ര റയിൽമന്ത്രി പറഞ്ഞു. ലോക്‌സഭയിൽ കേരളത്തിൽ നിന്നുള്ള എംപി ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തോടാണ് മന്ത്രി പ്രതികരിച്ചത്. സർവീസ് റദ്ദാക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചാണ് എംപി ചോദിച്ചത്. വന്ദേ ഭാരത് ട്രെയിൻ റദ്ദാക്കുകയല്ല, പകരം ഒരു പ്രത്യേക സർവീസ് എന്ന നിലയിലാണ് താൽക്കാലികമായി അവതരിപ്പിച്ചതെന്ന് മന്ത്രി വിശദീകരിച്ചു. താത്കാലിക ക്രമീകരണം എന്നതിൽ നിന്നാവാം റദ്ദാക്കൽ എന്ന ധാരണ വന്നതെന്നും മന്ത്രി വിശദമാക്കി.
ആവശ്യകത, സർവീസ് നടത്താനുള്ള അനുകൂല സാഹചര്യങ്ങൾതുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് വന്ദേഭാരത് എക്‌സ്പ്രസ് ഉൾപ്പെടെയുള്ള പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതെന്നും ഇതൊരു തുടർച്ചയായ പ്രക്രിയയാണെന്നും അശ്വനി വൈഷ്ണവ് വിശദമാക്കി. കൂടാതെ, സംസ്ഥാന അതിർത്തികൾ കടന്ന് റെയിൽവേ ശൃംഖല അനുസരിച്ചാണ് ട്രെയിനുകൾ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലേക്ക് ഈ ട്രെയിൻ വീണ്ടും ഓടിക്കണമെന്ന് ആവശ്യപ്പെട്ടവരിൽ ദക്ഷിണ റെയിൽവേയും ഉൾപ്പെടുന്നു. എന്നാൽ ബംഗളൂരു സ്റ്റേഷനിൽ ഒഴിവില്ലെന്നും ഇപ്പോൾ അത്തരത്തിലൊരു സർവീസ് സ്വീകരിക്കാൻ പ്രായോഗികമായി ബുദ്ധിമുട്ടുണ്ടെന്ന സൗത്ത് റെയിൽവേ അറിയിച്ചതാണ് സർവീസ് പുനരാരംഭിക്കാൻ കഴിയാത്തതിന് പിന്നിൽ. ഇപ്പോഴിതാ കൊച്ചി – ബംഗളൂരു വന്ദേഭാരതിന്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.
