ഓംപ്രകാശ് ലഹരിക്കേസ്; നടൻ ശ്രീനാഥ്‌ ഭാസി പൊലീസ് സ്റ്റേഷനിൽ ഹാജരായി

Spread the love

ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരികേസിൽ നടൻ ശ്രീനാഥ്‌ ഭാസി മരട് പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഓംപ്രകാശിന്റെ മുറിയിലേക്ക് താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗമാർട്ടിനും ആര് വഴിയാണ് എത്തിയന്ന കാര്യത്തിൽ പൊലീസ് വ്യക്തത വരുത്തും. മാത്രമല്ല, ആഡംബര ഹോട്ടലിൽ ഓംപ്രകാശിന്റെ മുറിയിൽ നടന്നത് ലഹരിപാർട്ടിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു അങ്ങിനെയെങ്കിൽ ഈ പാർട്ടിയിൽ ഇവർ പങ്കെടുത്തിട്ടുണ്ടോ, അല്ലങ്കിൽ വെറും സൗഹൃദ സന്ദർശനം മാത്രമായിരുന്നോ ഈ കൂടികാഴ്ചയെന്നും പൊലീസ് പരിശോധിക്കും. 20 തിലധികം ആളുകളാണ് ലഹരിപാർട്ടിയിൽ ഉണ്ടായിരുന്നത്. ഇതിൽ ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ മൊഴി ഇന്നലെ പൊലീസ് എടുത്തിരുന്നു. ബാക്കിവരുന്ന മുഴുവൻ ആളുകളുടെയും മൊഴി പൊലീസ് വരുന്നദിവസങ്ങളിലായി എടുക്കും.

അതേസമയം, ഇന്ന് രാവിലെ 10 മണിക്ക് പ്രയാഗമാർട്ടിനോടും 11 മണിക്ക് ശ്രീനാഥിനോടും മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനായിരുന്നു പൊലീസ് നിർദേശം. ഇരുവരും കൊച്ചിയിലെ സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ ഓംപ്രകാശുണ്ടായിരുന്ന മുറിയിലെത്തിയെന്നാണ് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ് നല്‍കിയിരിക്കുന്നത്. അഭിഭാഷകനോടൊപ്പമാണ് ശ്രീനാഥ് ഭാസി സ്റ്റേഷനിൽ എത്തിയത്. മെട്രോ സി ഐ രാജേഷിന്റെ നേതൃത്വത്തിലാണ് നിലവിൽ ചോദ്യംചെയ്യൽ പുരോഗമിക്കുക. സൗത്ത് എസിപി രാജ്‌കുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല.

You cannot copy content of this page