തെരഞ്ഞെടുപ്പ് വിജയത്തിനായി ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചുനീട്ടിയ വമ്പൻ പ്രഖ്യാപനങ്ങളെല്ലാം വെറും ജലരേഖകളാക്കിയ ബജറ്റ് ! വി ഡി സതീശന്റെ പാളിയ പ്രഖ്യാപനങ്ങള്‍ ഇവയൊക്കെ

Spread the love

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയത്തിനായി യുഡിഎഫ് ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചുനീട്ടിയ വമ്പൻ പ്രഖ്യാപനങ്ങളെല്ലാം വെറും ജലരേഖകളാക്കി മാറ്റി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് പുറത്തുവന്നു.

ആശാ വർക്കർമാരെ പൂർണ്ണമായും തഴഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി ഡി സതീശൻ ബജറ്റ് അവതരിപ്പിച്ചത്. ആശാ വർക്കർമാരുടെ ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം ബജറ്റില്‍ പൂർണ്ണമായി അവഗണിക്കപ്പെട്ടു. ഒരു രൂപയുടെ പോലും വർദ്ധനവ് വരുത്താതെ ആശാമാരെ വഞ്ചിച്ച സർക്കാർ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ആരോഗ്യമേഖലയില്‍ നിന്നും ഉയരുന്നത്. വോട്ട് തട്ടാൻ വേണ്ടി മാത്രം പാവപ്പെട്ട സ്ത്രീ തൊഴിലാളികളെ കോണ്‍ഗ്രസ് കരുവാക്കുകയായിരുന്നുവെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

യുഡിഎഫിന്റെ അഭിമാന പദ്ധതിയായി ഉയർത്തിക്കാട്ടിയ ‘ഇന്ദിരാ ഗ്യാരന്റി’ പദ്ധതികളുടെ അവസ്ഥയും ഇതിലും ദയനീയമാണ്. കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര പൂർണ്ണമായി നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അവകാശപ്പെട്ടെങ്കിലും യഥാർത്ഥ ചിത്രം മറിച്ചാണ്. ജൂണ്‍ 15-ന് ആരംഭിച്ച ഈ പദ്ധതി പ്രകാരം വളരെ കുറഞ്ഞ സർവീസുകള്‍ മാത്രമുള്ള കെഎസ്‌ആർടിസി ഓർഡിനറി ബസുകളില്‍ മാത്രമാണ് സ്ത്രീകള്‍ക്ക് നിലവില്‍ സൗജന്യയാത്ര അനുവദിച്ചിട്ടുള്ളത്. കേരളത്തിലെ ഭൂരിഭാഗം സ്ത്രീകളും ആശ്രയിക്കുന്ന ഫാസ്റ്റ് പാസഞ്ചർ ഉള്‍പ്പെടെയുള്ള മറ്റ് ബസുകളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയതോടെ ഈ ഇളവ് ഭൂരിപക്ഷത്തിനും ലഭിക്കാത്ത അവസ്ഥയാണ്. കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനം വിശ്വസിച്ച കേരളത്തിലെ സ്ത്രീസമൂഹം ഇപ്പോള്‍ വഞ്ചിക്കപ്പെട്ട അവസ്ഥയിലാണ്.

ഇന്ദിരാ ഗ്യാരന്റിയിലെ മറ്റൊരു പ്രമുഖ വാഗ്ദാനമായ ‘ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി’ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് ബജറ്റിലെ തുക വകയിരുത്തലിലൂടെ തെളിഞ്ഞിരിക്കുകയാണ്. ഒരു കുടുംബത്തിന് 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ബജറ്റില്‍ ഇതിനായി നീക്കിവെച്ചിരിക്കുന്നത് വെറും 10 കോടി രൂപ മാത്രമാണ്. കോടിക്കണക്കിന് ജനങ്ങളുള്ള കേരളത്തില്‍ ഈ തുച്ഛമായ തുക കൊണ്ട് എങ്ങനെ പദ്ധതി നടപ്പിലാക്കുമെന്ന ചോദ്യത്തിന് സർക്കാരിന് മറുപടിയില്ല. തിരഞ്ഞെടുപ്പില്‍ ജയിക്കാൻ വേണ്ടി മാത്രം യുഡിഎഫ് മുന്നോട്ടുവെച്ച ജനപ്രിയ പദ്ധതികള്‍ക്കെല്ലാം നാമമാത്രമായ തുക വകയിരുത്തി ജനങ്ങളെ പരിഹസിക്കുന്ന സമീപനമാണ് ധനമന്ത്രി സ്വീകരിച്ചിരിക്കുന്നത്.

കേരളത്തിന്റെ തനത് വരുമാനം ദേശീയ ശരാശരി വരുമാനത്തേക്കാള്‍ കുറവാണെന്ന് സമ്മതിച്ച മുഖ്യമന്ത്രി, ഈ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വലിയ പ്രായോഗികതയില്ലാത്ത പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ നിറച്ചിരിക്കുന്നത്. വിഴിഞ്ഞം റിംഗ് റോഡ് ഭൂമി ഏറ്റെടുക്കല്‍, കപ്പല്‍ നിർമ്മാണ കേന്ദ്രം, മിഷൻ സമുദ്രയ്ക്ക് 400 കോടി, ഏവിയേഷൻ ഹബ്ബിന് 200 കോടി, ഹെല്‍ത്ത് സിറ്റിക്ക് 100 കോടി എന്നിങ്ങനെ വലിയ തുകകള്‍ പ്രഖ്യാപിക്കുമ്പോഴും ഇവയ്ക്കുള്ള കൃത്യമായ സാമ്പത്തിക സ്രോതസ്സ് വ്യക്തമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. പരമ്പരാഗത രീതികള്‍ മാറണമെന്ന് ആഹ്വാനം ചെയ്യുന്ന സർക്കാർ, അടിസ്ഥാന ജനവിഭാഗങ്ങളെ ദുരിതത്തിലാഴ്ത്തി വൻകിട പദ്ധതികളുടെ മോഹനവാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നത്.

You cannot copy content of this page