ഇറാനിലെ സംഘർഷം നീളുകയാണെങ്കിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ആഗോള പ്രതിസന്ധിക്ക് സമാനമായ സാഹചര്യം നേരിടേണ്ടിവരുമെന്ന് പ്രമുഖ ബ്രോക്കിങ് സ്ഥാപനമായ ബേൺസ്റ്റീൻ. അസംസ്‌കൃത എണ്ണ വിലയിലെ വർധനവും വിദേശ നിക്ഷേപത്തിലെ കുറവുമാകും പ്രധാനമായും നേരിടേണ്ടിവരിക. പ്രതിസന്ധി രൂക്ഷമായാൽ നിഫ്റ്റി 19,000 നിലവാരത്തിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ജിഡിപി 2-3 ശതമാനത്തിലേക്ക് താഴുന്നത് മാന്ദ്യത്തിന് തുല്യമാകുമെന്നുമാണ് വിലയിരുത്തൽ.
പ്രധാന നിഗമനങ്ങൾ
സംഘർഷത്തിന്റെ കാലയളവ് പ്രകാരം നാല് സാഹചര്യങ്ങളാണ് ബേൺസ്റ്റീൻ വിലയിരുത്തുന്നത്.
രണ്ടാഴ്ചയ്ക്കുള്ളിൽ സംഘർഷം ലഘൂകരിക്കപ്പെടുകയും എണ്ണവില കുറയുകയും ചെയ്താൽ നിഫ്റ്റിയുടെ ലക്ഷ്യത്തിൽ രണ്ട് ശതമാനം മാത്രം കുറവുണ്ടാകും.
സംഘർഷം ഒരു മാസം നീണ്ടുനിൽക്കുകയും ക്രൂഡ് ഓയിൽ വില ബാരലിന് 85-90 ഡോളറിൽ തുടരുകയും ചെയ്യുകയാണെങ്കിൽ വർഷാവസാനത്തെ നിഫ്റ്റിയുടെ ലക്ഷ്യത്തിൽ നേരിയ കുറവുണ്ടാകും. 28,100ൽ നിന്ന് 26,000 ആകും.
സംഘർഷം 2-3 മാസം നീണ്ടുനിൽക്കുകയും എണ്ണവില ഉയരുകയും ചെയ്താൽ പ്രതിസന്ധി രൂക്ഷമാകും.
സംഘർഷം വർഷം മുഴുവൻ നീണ്ടുനിൽക്കുകയാണെങ്കിൽ നിഫ്റ്റി 19,000-ത്തിന് താഴേക്ക് പതിച്ചേക്കാം. രാജ്യത്തിന്റെ വളർച്ചയെ ഇത് 3-4 വർഷം പിന്നോട്ടടിക്കും.
സാമ്പത്തിക ആഘാതങ്ങൾ
വിപണി മൂല്യവും നിഫ്റ്റിയും
നിഫ്റ്റി ഈ വർഷം 12% ഇടിവാണ് രേഖപ്പെടുത്തിയത്. ഏറ്റവും മോശം സാഹചര്യത്തിൽ 19,000ത്തിന് താഴെ പോകാമെങ്കിലും അത്തരം വിപണികളിൽ കൃത്യമായ മൂല്യം പ്രവചിക്കുന്നത് അസാധ്യമാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. നിലവിലെ സാഹചര്യത്തിൽ വിപണിയിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നിക്ഷേപകർക്ക് ഉചിതമെന്ന് ബേൺസ്റ്റീൻ നിർദേശിക്കുന്നു.
രൂപയുടെ മൂല്യത്തകർച്ച
കഴിഞ്ഞ 18 മാസത്തിനിടെ രൂപയുടെ മൂല്യത്തിൽ 11% ഇടിവുണ്ടായി. ക്രൂഡ് ഓയിൽ വില ഉയർന്നുനിൽക്കുകയാണെങ്കിൽ രൂപയുടെ മൂല്യം ഡോളറിന് 97-98 നിലവാരത്തിലേക്കും അതിതീവ്ര സാഹചര്യങ്ങളിൽ 110 എന്ന നിലവാരത്തിലേക്കും ഇടിയാൻ സാധ്യതയുണ്ട്.
പണപ്പെരുപ്പവും പലിശ നിരക്കും
നിലവിൽ പണപ്പെരുപ്പം നിയന്ത്രണത്തിലാണ്. എണ്ണ വില വർധന വിലക്കയറ്റത്തിന് ഇടയാക്കും. അതോടെ പലിശ നിരക്കിൽ പുനഃപരിശോധനയുണ്ടാകും.
വേനൽക്കാലത്ത് എൽ നിനോ പ്രതിഭാസത്തിന് 60-62% സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കൃഷിയെയും ഭക്ഷ്യവിലയെയും ഇത് ബാധിച്ചേക്കാം.
റിസർവ് ബാങ്കിന്റെ ക്ഷമതാ പരിധിയായ ആറ് ശതമാനത്തിന് മുകളിലേക്ക് പണപ്പെരുപ്പം ഉയരാൻ സാധ്യതയുണ്ട്. പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത അതോടെ ഇല്ലാതാകും.
വിദേശനാണ്യ ശേഖരം
ഇന്ത്യയുടെ ആകെ വിദേശനാണ്യ ശേഖരം 710 ബില്യൺ ഡോളറിന് താഴെയാണ്. രൂപയെ സംരക്ഷിക്കാൻ ഉപയോഗിക്കാവുന്ന വിദേശ കറൻസി ആസ്തികളുടെ മൂല്യമാകട്ടെ 555 ബില്യൺ ഡോളറായി കുറയുകയും ചെയ്തു. ആകെ ശേഖരത്തിന്റെ 78 ശതമാനത്തിൽ താഴെ മാത്രമാണ് ഇപ്പോഴുള്ളത്. സ്വർണവിലയിലുണ്ടായ നാല് മടങ്ങ് വർധനവാണ് ശേഖരം കൂടാൻ കാരണം.
വെല്ലുവിളികൾ
സംഘർഷം തുടർന്നാൽ 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള സാഹചര്യം രൂപപ്പെട്ടേക്കാം. അസംസ്‌കൃത എണ്ണ വില വർധന, ഗൾഫിൽനിന്നുള്ള പണമയക്കലിലുണ്ടാകുന്ന കുറവ്, ഇറക്കുമതി ചെലവിലെ കുതിപ്പ് എന്നിവ രാജ്യത്തെ സാമ്പത്തിക അടിത്തറയെ ബാധിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു.
