ചെന്നൈ: പശ്ചിമേഷ്യാ സംഘർഷം കാരണം കയറ്റുമതി നിലച്ചതോടെ മുട്ടയുടെ സംഭരണവില വീണ്ടും ഇടിഞ്ഞു. രാജ്യത്തെ പ്രധാന മുട്ടയുത്പാദന-വ്യാപാര കേന്ദ്രങ്ങളിലൊന്നായ തമിഴ്‌നാട്ടിലെ നാമക്കലിൽ കോഴിക്കർഷകർക്ക് പ്രതിദിനം ഏഴുകോടി രൂപയുടെ നഷ്ടം വരുന്നെന്നാണ് കണക്ക്.
പല തുറമുഖങ്ങളും അടയ്ക്കുകയും വ്യോമ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ വരുകയും ചെയ്തപ്പോഴാണ് ഗൾഫ് മേഖലയിലേക്കുള്ള മുട്ടക്കയറ്റുമതി നിലച്ചത്. മുട്ട കെട്ടിക്കിടക്കുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം നാമക്കലിൽ യോഗം ചേർന്ന നാഷണൽ എഗ് കോഡിനേഷൻ കമ്മിറ്റി സംഭരണവില കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. 4.05 രൂപയാണ് ഇപ്പോൾ മുട്ടയുടെ സംഭരണവില. കഴിഞ്ഞയാഴ്ച 4.40 രൂപയും രണ്ടുദിവസം മുൻപ് 4.20 രൂപയുമായിരുന്ന സ്ഥാനത്താണിത്.
നാമക്കലിലെ 1,200-ലേറെ വരുന്ന കോഴി ഫാമുകളിൽ എട്ടു കോടിയോളം മുട്ടക്കോഴികളുണ്ട്. ഇവയിൽനിന്ന് ദിവസം ശരാശരി ആറുകോടി മുട്ട കിട്ടും. ഒരു മുട്ടയുടെ ഉത്പാദനച്ചെലവ് 5.20 രൂപ വരും. ഉദ്പാദനച്ചെലവിലും കുറച്ച് മുട്ടവിൽക്കുന്നതുകാരണം കർഷകർക്ക് പ്രതിദിനം ഏഴുകോടി രൂപ നഷ്ടം വരുന്നെന്നാണ് കണക്ക്.
നാമക്കലിൽനിന്ന് യു.എ.ഇ., ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് പ്രതിദിനം 80 ലക്ഷം മുട്ട കയറ്റി അയച്ചിരുന്നു. ഇത്രയും മുട്ട ദിവസവും ബാക്കിവരാൻ തുടങ്ങിയതോടെയാണ് സംഭരണവില കുറച്ചത്.
