തൃശൂർ ∙ പാചകവാതക പ്രതിസന്ധിയുടെ ഭാഗമായി ഹോട്ടലുകൾ അടയ്ക്കുന്നതു പച്ചക്കറി വ്യാപാര മേഖലയെയും ബാധിക്കുന്നു. യുദ്ധം ആരംഭിച്ച ശേഷം ഫ്ലൈറ്റുകൾ റദ്ദായതോടെ ഗൾഫ് നാടുകളിലേക്കുളള പച്ചക്കറി, പഴവർഗ കയറ്റുമതിയിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഇതു പച്ചക്കറികൾ കെട്ടിക്കിടക്കാനും വില കുറയാനും ഇടയാക്കി. പച്ചക്കറി വ്യാപാരികൾക്കു ഭീമമായ നഷ്ടമാണ് ഇതുവഴി ഉണ്ടാവുകയെന്നു വ്യാപാരികൾ പറയുന്നു. ചില്ലറ വിൽപനക്കാരെ കൂടുതലും ആശ്രയിക്കുന്നതു ഗാർഹിക ഉപഭോക്താക്കൾ ആയതിനാൽ ചില്ലറ വിൽപനക്കാരെ പ്രശ്നം കാര്യമായി ബാധിക്കുന്നില്ല. എന്നാൽ നിലവിലെ പ്രതിസന്ധി മുൻകൂട്ടിക്കണ്ട് പല ചില്ലറ വിൽപനക്കാരും പച്ചക്കറി ഇറക്കുന്നതിന്റെ അളവ് പകുതിയായി കുറച്ചിട്ടുമുണ്ട്.
ഹോട്ടൽ മേഖലയിലേക്ക് ടൺ കണക്കിനു പച്ചക്കറികൾ ദിവസവും വിതരണം ചെയ്യുന്ന ഹോൾസെയിൽ വ്യാപാരികളെയാണു പ്രതിസന്ധി കാര്യമായി ബാധിച്ചിരിക്കുന്നത്. നാളികേരം, നേന്ത്രക്കായ എന്നിവയുടെ വിൽപനയിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. കയറ്റുമതി നിലച്ചതോടെ മൂന്ന് ആഴ്ചയായി നേന്ത്രക്കായ കിലോയ്ക്ക് 20 രൂപയ്ക്കാണു വിൽപന. ചെറിയ ചായക്കടകൾ അടച്ചതോടെ പഴംപൊരിയുടെ ഉൽപാദനം കുറഞ്ഞതും നേന്ത്രക്കായ വിൽപനയെ ബാധിച്ചു.
ചായക്കടകൾ അടച്ചതോടെ ബജി ഉൽപാദനം കുറഞ്ഞതു ബജി കായയുടെ വിൽപനയെ ബാധിച്ചിട്ടുണ്ട്. ഉരുളക്കിഴങ്ങ്, സവാള, ഉള്ളി, വെളുത്തുള്ളി, പച്ചമുളക് എന്നിവയാണു ഹോട്ടലുകൾക്ക് ഏറ്റവും കൂടുതലായി ആവശ്യം വരുന്ന ഇനങ്ങൾ. തട്ടുകട നടത്തുന്നവർക്കും സവാള കൂടുതലായി ആവശ്യം ഉണ്ടായിരുന്നു. ഗ്യാസ് പ്രതിസന്ധി മൂലം തട്ടുകടകൾ മിക്കതും അടച്ചതോടെ ആ വഴിക്കുള്ള വ്യാപാരത്തിലും കുറവ് വന്നതായി വ്യാപാരികൾ. ഹോസ്റ്റലുകൾ പലതും അടയ്ക്കുകയോ അല്ലെങ്കിൽ ഭക്ഷണ വിതരണം നിർത്തുകയോ ചെയ്തു. ആ വഴിക്കുള്ള പച്ചക്കറി വ്യാപാരവും നിലച്ചു. മല്ലിയില, പുതിനയില, കറിവേപ്പില വാഴയില എന്നിവയുടെ വിൽപനയെയും കാര്യമായി പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
