Breaking News

അധികം പുകയില്ല വിറകും; വിറകിന്റെ വിലയിലും കുതിപ്പ്; ഒരാഴ്ച കൊണ്ട് വർ‍ധിച്ചത് 500 രൂപ

Spread the love

എടക്കര ∙ പാചകവാതക ക്ഷാമം കാരണം ഇനി വിറക് വാങ്ങി അടുപ്പ് പുകയ്ക്കാമെന്ന് കരുതിയാലോ, വിറകിനും തീവില. ഒരു ഓട്ടോ ഗുഡ്സ് വിറകിന് ഒരാഴ്ച കൊണ്ട് 500 രൂപയാണ് വർ‍ധിച്ചത്. പാചകവാതക ക്ഷാമം നീളുന്ന സാഹചര്യമാണെങ്കിൽ‍ ഇനിയും വിറക് വില കൂടും. 500 എന്നത് താമസിക്കാതെ തന്നെ ആയിരം വരെ വർധിക്കുമെന്നാണ് വിറക് വ്യാപാരികൾ പറയുന്നത്. ഒരു ഗുഡ്സ് അട്ടിവിറകിന് നിലമ്പൂർ മേഖലയിൽ കഴിഞ്ഞ ആഴ്ച വരെ 3500 രൂപയാണ് വിലയുണ്ടായിരുന്നത്. ഇതിപ്പോൾ 4000 രൂപയാണ്. മില്ലുകളിൽ ഉരുപ്പടികൾ ഈർന്നതിനു ശേഷമുള്ള വിറക് ഒരു ഗുഡ്സിന് 1000, 1,200 രൂപ നിരക്കിൽ കിട്ടിയിരുന്നതാണ്. കഴിഞ്ഞദിവസം മുതൽ വില 1700 രൂപയായി.

ഈർച്ച വിറകിന്റെ വിലയും വരും ദിവസങ്ങളിൽ കൂട്ടുമെന്നാണ് പറയുന്നത്. ഹോട്ടലുകൾക്കും വീടുകളിലേക്കും വിറകിന് ആവശ്യമേറി വന്നതോടെ ചെറിയ മരങ്ങളും പാഴ്മരങ്ങളും മുറിക്കുന്നതും വ്യാപകമായിട്ടുണ്ട്. ഇതുവരെ വിറകിന് മരം നൽകാൻ സ്ഥലഉടമകൾ തയാറാണെങ്കിലും എടുക്കാൻ കച്ചവടക്കാർക്ക് താൽപര്യമില്ലായിരുന്നു. മരം മുറിക്കൂലിയും ലോഡിങ് കൂലിയും വണ്ടി വാടകയും കഴിച്ചാ‍ൽ നഷ്ടമാണെന്നാണ് കാരണം പറഞ്ഞിരുന്നത്. ഇപ്പോൾ വിറകിന് പറ്റുന്ന മരം അന്വേഷിച്ച് കച്ചവടക്കാ‍ർ എത്തുന്നുണ്ട്. പാചക വാതക ക്ഷമം പെട്ടന്ന് തീരില്ലെന്ന കണക്ക് കൂട്ടലിലാണ് മരങ്ങൾ കച്ചവടം നടത്തി വിറകാക്കുന്നത്.

You cannot copy content of this page