പാലാ: പുളിക്കക്കണ്ടം കുടുംബത്തിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണം പാലാ രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നു. ബിനു പുളിക്കക്കണ്ടത്തിന്റെ നഗരസഭയിലെ ഏകാധിപത്യ നിലപാടുകളോടുള്ള കോൺഗ്രസ് പ്രവർത്തകരുടെ എതിർപ്പും, ബിനുവിന്റെ സഹോദരൻ തൃശൂരിൽ പോയി വോട്ട് ചേർത്ത് സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് ചെയ്തതുമാണ് വിവാദങ്ങൾക്ക് ആധാരം. ഷോൺ ജോർജ് അനുകൂല പേജുകളും അനുയായികളും ഇത് വ്യാപകമായി പ്രചരിപ്പിച്ചപ്പോൾ, കുറ്റമെല്ലാം ജോസ് കെ. മാണിയുടെ തലയിൽ കെട്ടിവെച്ച് തടിയൂരാനാണ് ബിനു ശ്രമിച്ചത്. എന്നാൽ ഈ വിശദീകരണം ഇപ്പോൾ ബിനുവിനെ തന്നെ തിരിഞ്ഞുകൊത്തിയിരിക്കുകയാണ്.
ബിജെപി സ്ഥാനാർത്ഥിയായി ഷോൺ ജോർജ് മത്സരിക്കുമെന്ന് ഉറപ്പായിട്ടും, തന്റെ പ്രസ്താവനകളിൽ ഷോണിനെതിരെ ഒരു വാക്ക് പോലും പറയാതിരിക്കാൻ ബിനു പ്രത്യേകം ശ്രദ്ധിച്ചു. ഇതാണ് യുഡിഎഫ് കേന്ദ്രങ്ങളിൽ പ്രധാനമായും ചർച്ചയാകുന്നത്. പാലായിൽ മാണി സി. കാപ്പനും ഷോൺ ജോർജും തമ്മിലാണ് പ്രധാന മത്സരം എന്ന് യുഡിഎഫ് പേജുകൾ പ്രചരിപ്പിക്കുമ്പോൾ, ബിനുവും കുടുംബവും എന്തുകൊണ്ട് പ്രധാന എതിരാളിയായ ഷോണിനെ വിമർശിക്കുന്നില്ല എന്ന ചോദ്യം ശക്തമാണ്.
ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടം സുരേഷ് ഗോപിയുടെ അടുത്ത സുഹൃത്താണ്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജുവും കുടുംബവും തൃശൂരിൽ പോയി വോട്ട് ചേർത്ത് സുരേഷ് ഗോപിക്ക് വേണ്ടി പ്രവർത്തിച്ചതാണ് പുളിക്കക്കണ്ടം കുടുംബത്തിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണത്തിന് ബലമേകുന്നത്. വോട്ട് മാറ്റിയത് തെറ്റായ നടപടിയാണെന്ന് സമ്മതിക്കാനോ സുരേഷ് ഗോപിയുമായുള്ള സൗഹൃദം തള്ളിപ്പറയാനോ ബിജു ഇതുവരെ തയ്യാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പാലായിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നഗരസഭയിൽ ബിനുവിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ കോൺഗ്രസ് കൗൺസിലർമാർ തന്നെ രംഗത്തുവന്നത് സ്ഥിതിഗതികൾ വഷളാക്കിയിട്ടുണ്ട്. കോൺഗ്രസ് അനുകൂല ഓൺലൈൻ മാധ്യമമായ ‘കേരള സ്പീക്സ്’ ഉൾപ്പെടെ ഇത് സംബന്ധിച്ച വാർത്തകൾ നൽകിയിരുന്നു.
വരും ദിവസങ്ങളിൽ ഷോൺ ജോർജിനെതിരെ ബിനു എത്രത്തോളം പ്രതികരിക്കും എന്നാണ് യുഡിഎഫ് പ്രവർത്തകർ ഉറ്റുനോക്കുന്നത്. ജോസ് കെ. മാണിയെ മാത്രം ബിനു കുടുംബ സമേതം നിരന്തരം കുറ്റപ്പെടുത്തി ഷോൺ ജോർജുമായി അന്തർധാര തുടരുമോ എന്നാണ് രാഷ്ട്രീയ പാലാ ഇപ്പോൾ നിരീക്ഷിക്കുന്നത്.
