‘വേദിയില്‍ സുരക്ഷാ പ്രശ്‌നം ഉണ്ടെന്ന് പറഞ്ഞിട്ടും പരിപാടി നിര്‍ത്തി വയ്ക്കാന്‍ പറയാത്ത ആ കരുതല്‍ ഉണ്ടല്ലോ സാര്‍’; സജി ചെറിയാനെതിരെ അബിന്‍ വര്‍ക്കി

Spread the love

ഉമ തോമസ് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ മന്ത്രി സജി ചെറിയാനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. വേദിയില്‍ സുരക്ഷാ പ്രശ്‌നം ഉണ്ടെന്ന് ഗണ്‍മാന്‍ പറഞ്ഞിട്ടും പരിപാടി നിര്‍ത്തിവയ്ക്കാന്‍ പറയാത്തതിനെതിരെയാണ് വിമര്‍ശനം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. അപകടത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചു.

കുറിപ്പ് ഇങ്ങനെ

ഈ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ഒട്ടും ആഗ്രഹിച്ചതല്ല.
പക്ഷേ എത്ര ഭീതിതമാണിത്.
ഗുരുതര വീഴ്ചയാണുണ്ടായത്.
വേദിയില്‍ സുരക്ഷാ പ്രശ്‌നം ഉണ്ടെന്ന് ഗണ്‍മാന്‍ പറഞ്ഞെന്ന് മന്ത്രി സജി ചെറിയാന്‍ പറയുന്നത് കേട്ടു.
എന്നിട്ടും പരിപാടി നിര്‍ത്തിവയ്ക്കാന്‍ പറയാത്ത ആ കരുതല്‍ ഉണ്ടല്ലോ സാര്‍…
നടപടി ഉണ്ടായേ മതിയാകൂ
ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തതില്‍ തീരുമോ?
വേദിയില്‍ ഉണ്ടായിരുന്ന മന്ത്രിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മാനം നോക്കിയിരിക്കുകയായിരുന്നോ?
പ്രിയപ്പെട്ട ഉമ ചേച്ചിയെ ഈ അവസ്ഥയില്‍ എത്തിച്ചതില്‍
മറുപടി പറയണം..

കലൂരില്‍ ഉമ തോമസ് എംഎല്‍എയ്ക്കുണ്ടായ അപകടം സുരക്ഷാവീഴ്ച മൂലം ഉണ്ടായതെന്ന് മന്ത്രി സജി ചെറിയാന്‍ നേരത്തെ പറഞ്ഞിരുന്നു. സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. വേദിയുടെ മുന്‍നിരയില്‍ കസേരയിട്ടത് അപകടകരമായെന്നും വേദിയില്‍ നിന്ന് താനും വീഴേണ്ടതായിരുന്നുവെന്നും സജി ചെറിയാന്‍ പറഞ്ഞു. ഉമ തോമസ് വേദിയില്‍ നിന്ന് 15 അടി താഴ്ചയിലേക്ക് വീഴുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

You cannot copy content of this page