Breaking News

സെക്രട്ടേറിയറ്റിൽ ഹാജർ നില 10.6 % മാത്രം; സർക്കാർ ‘ഡയസ്നോൺ’ പ്രഖ്യാപിച്ചിട്ടും ഇന്ന് ജോലിക്ക് എത്തിയത് 496 പേർ

Spread the love

കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിൽ നിയമ പരിഷ്കാരങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് നേരിടാൻ സംസ്ഥാന സർക്കാർ കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ജീവനക്കാർ ജോലിക്ക് ഹാജരാകണമെന്ന് നിർദ്ദേശിച്ച സർക്കാർ ‘ഡയസ്നോൺ’ പ്രഖ്യാപിച്ചു.ജോലിക്ക് വരാത്തവർക്ക് അന്നത്തെ ശമ്പളം ലഭിക്കില്ലെന്നും അച്ചടക്ക നടപടികൾ ഉണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ സെക്രട്ടേറിയറ്റിൽ ഹാജർ നില 10.6 % മാത്രമാണ്. ഇന്ന് ജോലിക്ക് എത്തിയത് 496 പേർ മാത്രമാണ്. ഇന്നലെ 3283 പേർ ഹാജരായിരുന്നു. 4600ലധികം ജീവനക്കാരാണ് സെക്രട്ടേറിയറ്റിൽ ഉള്ളത്.

പലയിടത്തും വാഹനങ്ങൾ തടഞ്ഞു. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. യാത്രാസൗകര്യം ഇല്ലാത്തതിനാൽ യാത്രക്കാർ വലഞ്ഞു. മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല. ഓട്ടോ ടാക്സി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുത്തു.

റെയിൽവേ സ്റ്റേഷനിലടക്കം എത്തിയവർ കുടുങ്ങിക്കിടക്കുന്ന സാഹചര്യമാണുള്ളത്. പൊലീസും സന്നദ്ധസംഘടനകളും പകരം സംവിധാനമൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ജോലിക്കെത്തിയ കെഎസ്ആർടിസി ജീവനക്കാരെ തടഞ്ഞു. സംസ്ഥാനത്ത് ട്രെയിൻ സർവീസ് സാധാരണ നിലയിൽ തുടരുന്നുണ്ട്.

പാലക്കാട് പണിമുടക്കിനെ തുടർന്ന് പ്രധാന മാർക്കറ്റുകൾ നിശ്ചലമാണ്. സ്വകാര്യ ബസുകളും രാവിലെ സർവീസുകൾ നടത്തേണ്ടിയിരുന്ന കെഎസ്ആർടിസി ബസുകളും നിരത്തിലിറങ്ങിയിട്ടില്ല. വയനാട്ടിൽ കെഎസ്ആർടിസിയും സ്വകാര്യ ബസ്സുകളും സർവീസ് നടത്തുന്നില്ല. ഇവിടങ്ങളിൽ കടകൾ അടഞ്ഞു കിടക്കുകയാണ്. എവിടെയും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

കൊച്ചിയിൽ പണിമുടക്ക് ആരംഭിച്ചതിനെ തുടർന്ന് കെഎസ്ആർടിസി സ്വകാര്യ ബസ് സർവീസുകൾ നിശ്ചലമായി. മെട്രോ, യൂബർ, ഒരു വിഭാ​ഗം പ്രൈവറ്റ് ടാക്സികൾ ഓട്ടോ എന്നിവ സർവീസ് നടത്തുന്നുണ്ട്. ട്രെയിൻ സർവീസുകൾ സാധാരണ നിലയിലാണ്. മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി ഡിപ്പോകളിൽ നിന്ന് കെഎസ്ആർടിസി ഒരു സർവീസും പോയില്ല.

You cannot copy content of this page